ബ്രോയിലര്‍ ചിക്കനില്‍ ഹോര്‍മോണ്‍ ഉണ്ടോ? ഇതാണ് യാഥാര്‍ഥ്യം

ശനി, 16 ഡിസം‌ബര്‍ 2023 (10:55 IST)
ആഴ്ചയില്‍ ഒരിക്കലെങ്കിലും ബ്രോയ്ലര്‍ ചിക്കന്‍ കഴിക്കാത്തവര്‍ നമുക്കിടയില്‍ കുറവാണ്. ബ്രോയ്ലര്‍ ചിക്കനെ കുറിച്ച് പൊതുവെ സമൂഹത്തില്‍ ചില തെറ്റായ വിലയിരുത്തലുകളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രോയ്ലര്‍ ചിക്കന്‍ കഴിക്കുന്നത് പെണ്‍കുട്ടികളില്‍ പ്രകടമായ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നത്. ഇന്നും നിരവധി ആളുകളാണ് ഇത് വിശ്വസിച്ചു നടക്കുന്നത്. എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് അറിയുമോ? 
 
വളരെ അധികം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ബ്രോയിലര്‍ ചിക്കന്‍. വിറ്റാമിന്‍ ഡിയും അമിനോ ആസിഡും ബ്രോയിലര്‍ ചിക്കനില്‍ അടങ്ങിയിട്ടുണ്ട്. ബ്രോയിലര്‍ ചിക്കന്‍ കഴിച്ചാല്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുമെന്ന പ്രചരണം വസ്തുതാ വിരുദ്ധവും അശാസ്ത്രീയവുമാണ്. ബ്രോയിലര്‍ ചിക്കന്‍ കഴിച്ചാല്‍ പെണ്‍കുട്ടികള്‍ ഹോര്‍മോണ്‍ മാറ്റങ്ങളൊന്നും സംഭവിക്കില്ല. 
 
ബ്രോയിലര്‍ ചിക്കനില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നില്ല. ബ്രോയിലര്‍ ചിക്കന്‍ പൂര്‍ണ വളര്‍ച്ചയില്‍ എത്താന്‍ ആറ് ആഴ്ചയാണ് വേണ്ടത്. ഇത് ഹോര്‍മോണ്‍ കുത്തിവച്ചുണ്ടാക്കുന്ന വളര്‍ച്ചയല്ല. ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്‍ എന്ന പ്രക്രിയയിലൂടെയാണ് ബ്രോയിലര്‍ ചിക്കനെ പൂര്‍ണ വളര്‍ച്ചയിലേക്ക് എത്തിക്കുന്നത്. ചുരുങ്ങിയത് ഒരു ഡോസ് ഹോര്‍മോണിന് തന്നെ 300-400 രൂപ വരെ വില വരും. അത് ഉപയോഗിച്ചാല്‍ കോഴി ഇപ്പോഴത്തെ വിലയില്‍ വില്‍ക്കുക അസാധ്യമാണ്. അതുകൊണ്ട് ബ്രോയിലര്‍ കോഴിയെ വളര്‍ത്തുന്നവര്‍ അതിനു തുനിയില്ല. 
 
അഥവാ എതെങ്കിലും തരത്തില്‍ ഹോര്‍മോണ്‍ ഉണ്ടെങ്കില്‍ തന്നെ നന്നായി വേവിച്ച് കഴിക്കുന്നതിനാല്‍ അതെല്ലാം വിഘടിച്ചു പോകും. ബ്രോയിലര്‍ കോഴി നാടന്‍ കോഴിയേക്കാള്‍ വലിപ്പം വയ്ക്കുന്നത് അതിന്റെ ജനിതക ഗുണം കൊണ്ടാണ്. റെഡ് മീറ്റിനേക്കാളും ഫാറ്റും കലോറിയും കുറവാണ് ബ്രോയിലര്‍ ചിക്കനില്‍. അതുകൊണ്ട് റെഡ് മീറ്റിനേക്കാള്‍ ആരോഗ്യകരം ബ്രോയിലര്‍ ചിക്കന്‍ തന്നെയാണ്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍