പൊള്ളുന്ന വേനല്‍ച്ചൂടില്‍ ഒന്നു തണുക്കാന്‍ ഇതാ ചില കിടിലന്‍ പൊടിക്കൈകള്‍

Webdunia
ബുധന്‍, 30 മാര്‍ച്ച് 2016 (15:29 IST)
തണുപ്പ് കാലത്തിന്റെ സുഖവും ഭംഗിയും മാഞ്ഞിരിക്കുന്നു... ചൂട്... ചൂട് മാത്രമാണിപ്പോൾ. പൊള്ളുന്ന ചൂട്. ഈ ചൂടിൽ നമ്മള്‍ എല്ലാവരും ഉരുകിയൊലിക്കുകയാണ്. മനസ്സും ശരീരവും ഒന്നു നന്നായി തണുക്കണമെങ്കിൽ അടുത്ത മഴയ്ക്കായി കാത്തിരിക്കണം എന്ന അവസ്ഥയാണ്. വേന‌ൽച്ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന ഈ സമയത്ത് ആരോഗ്യവും സൗന്ദര്യവും കൂടുത‌ൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചൂടിനെ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണപദാർഥങ്ങളെ പരിചയപ്പെടാം.
 
1.തൈര്
 
തൈര് ഇഷ്ടമില്ലാത്തവർ കുറവാണ്. ചൂടുകാലങ്ങ‌ളിൽ മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാൻ തൈരിന് സാധിക്കും. പ്രത്യേകിച്ചും കട്ടതൈര്. ചർമ, ശരീര സൗന്ദര്യത്തിന് തൈര് ഉത്തമമാണ്. കാൽസ്യം ഏറെ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർഥമാണ് തൈര്. വിറ്റാമിൻ ബി12, ഡി, പ്രോട്ടീൻ എന്നിവയുടെ വലിയൊരു കലവറ തന്നെയാണ് തൈര്. മാനസികസമ്മർദ്ദം കുറയ്ക്കാനും തൈര് നല്ലതാണ്, പ്രത്യേകിച്ചും വേനൽക്കാലത്ത്.
 
2. ഐസ് ചായ 
 
പുത്തനുണർവ് നൽകുന്നതാണ് ഐസ് ചായ. ഇത് പാക്കറ്റ് ആയി വിപണിയിൽ സുലഭമാണ്.  ഐസ് ചായ വീടുകളിൽ ഉണ്ടാക്കാനും കഴിയും. നിങ്ങ‌ളുടെ അഭിരുചിക്കനുസരിച്ച് ചായ ഉണ്ടാക്കുക, അതിലേക്ക് കുറച്ച് ഐസ് ക്യൂബ്, പുതിനയില, നാരങ്ങാ കഷ്ണങ്ങ‌ൾ, സ്ട്രോബറിയുടെ ആകൃതിയിൽ മുറിച്ചെടുത്ത പഴങ്ങ‌ൾ ഇവയെല്ലാം ഗ്ലാസിലെ ചായയിലേക്ക് ചേര്‍ക്കുക. ഐസ് ചായ റെഡി.
 
3. പച്ച മുളക്
 
പച്ച മുളകിന് കാൻസറിനെ പ്രതിരോധിക്കാൻ കഴിയും. മുളക് കഴിക്കുന്നതിലൂടെ ശരീരത്തിലൂടെയുള്ള രക്തയോട്ടം വളരെ സുഖമമാക്കാനും കഴിയും. ഭക്ഷണത്തില്‍ പച്ചമുളക് കൂടുത‌ലായി ഉപയോഗിച്ചു നോക്കിയാല്‍ അതിന്റെ മാറ്റം നിങ്ങ‌ൾക്ക് തന്നെ തിരിച്ചറിയാൻ സാധിക്കും.
 
4. ഉള്ളി ജ്യൂസ്
 
ഒരുപാട് പേർക്കൊന്നും അറിയാത്ത ഒരു കാര്യമാണിത്. ഉള്ളി കൊണ്ടുണ്ടാക്കിയ ജ്യൂസ് ആരോഗ്യത്തിന് നല്ലതാണെന്ന്, പ്രത്യേകിച്ചും ചൂട് കാലത്ത്. ഈ ജ്യൂസ് നെഞ്ചിന് തണുപ്പ് നൽകാനും സഹായിക്കും.
 
5. തണ്ണിമത്തൻ
 
വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്നതാണ് തണ്ണിമത്തൻ. തണുപ്പാണ് ഇതിന്റെ പ്രത്യേകത. ജ്യൂസായും അല്ലതെയും തണ്ണിമത്തൻ കഴിക്കാൻ സാധിക്കും. എല്ലാവർക്കും ഇഷ്‌ടമുള്ളൊരു പഴവർഗ്ഗം കൂടിയാണ് തണ്ണിമത്തൻ അഥവാ വത്തക്ക.
 
6. തേങ്ങാവെള്ളം/ കരിക്കിൻ വെള്ളം
 
കൃത്രിമമായി ഒന്നും ചേർക്കാത്തതാണ് കരിക്കിൻ വെള്ളം അല്ലെങ്കിൽ തേങ്ങാവെള്ളം. ശരീരത്തിൽ തണുപ്പ് നിലനിർത്താനും ഇതിന് സാധിക്കും. ഇത് ശരീരത്തിനും മനസ്സിനും കുളിർമയേകുകയും ഉന്മേഷം നൽകുകയും ചെയ്യുന്നു.
 
7. പഴച്ചാറ്
 
കിവി, മാങ്ങ, തേങ്ങാവെള്ളം എന്നിവയാണ് പ്രധാനമായും പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്ന പഴച്ചാറുക‌ൾ. പ്രമേഹത്തെ പ്രതിരോധിക്കാനും പഴച്ചാറിനു സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിന് ഉത്തമമാണ്. തണുപ്പാണിതിന്റെ ആകർഷക ഘടകം.