കോവിഡിനെ പ്രതിരോധിക്കാന്‍ ആവി പിടിച്ചാല്‍ മതിയോ?

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (14:42 IST)
മുഖത്തും നെഞ്ചത്തും ആവി പിടിക്കുന്നത് കോവിഡിനെ പ്രതിരോധിക്കാന്‍ സഹായിക്കുമോ? ആവി പിടിക്കുന്നത് വൈറസിനെ തുരത്താന്‍ സഹായിക്കുമെന്ന തരത്തില്‍ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? 
 
ജലദോഷം, സൈനസ് തുടങ്ങിയ രോഗങ്ങളില്‍ നിന്നു മുക്തി നേടാന്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന രീതിയാണ് ആവി പിടിക്കല്‍. മൂക്കടപ്പ് പോലുള്ള ബുദ്ധിമുട്ടുകള്‍ക്ക് ആവി പിടിക്കുന്നത് ഒരു പരിധി വരെ ആശ്വാസം നല്‍കും. എന്നാല്‍, ആവി പിടിക്കുന്നതുകൊണ്ട് കോവിഡില്‍ നിന്ന് മുക്തി ലഭിക്കുമോ എന്നതാണ് പ്രധാന ചോദ്യം. 
 
ലോകാരോഗ്യ സംഘടനയോ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനോ കൊറോണ വൈറസ് തടയുന്നതിനുള്ള ചികിത്സാ മാര്‍ഗമായി ആവി പിടിക്കുന്നതിനെ നിര്‍ദേശിച്ചിട്ടില്ല. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ നീരാവി ശ്വസിക്കുന്നത് (ആവി പിടിക്കുന്നത്) സഹായിക്കുമെന്ന് അമേരിക്കന്‍ ശ്വാസകോശ അസോസിയേഷന്‍ പറയുന്നു. എന്നാല്‍, ഇത് വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമല്ല. സാമൂഹിക അകലം പാലിക്കുക, കൃത്യമായി മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിവ തന്നെയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഉചിതവും ശക്തവുമായ മാര്‍ഗങ്ങള്‍. 
 
രക്തക്കുഴലുകളുടെ വീക്കം മൂലമുള്ള അസ്വസ്ഥതകള്‍ പരിഹരിക്കാനും ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കാനും ആവി പിടിക്കുന്നതിലൂടെ സാധിക്കും. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കാനും ഇത് സഹായിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article