കോവിഡിനെ തുരത്താം വിവേകത്തോടെ, അശ്രദ്ധ അരുത്; ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (14:16 IST)
കോവിഡ് രണ്ടാം തരംഗം രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കുകയാണ്. അതീവ ജാഗ്രതയുടെ സമയമാണ്. ഒരാളുടെ അശ്രദ്ധ നിരവധി പേരുടെ ജീവനു ഭീഷണിയാകുന്ന സാഹചര്യം. ഒറ്റക്കെട്ടായി ഈ മഹാമാരിയെ തുരത്താന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ഓര്‍മയില്‍ വയ്ക്കുക. 
 
ശാരീരികമായി എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നി തുടങ്ങിയാല്‍ കോവിഡ് ടെസ്റ്റിനും അതിന്റെ ഫലത്തിനുമായി കാത്തിരിക്കാതെ ഉടന്‍ തന്നെ ഐസോലേഷനില്‍ പ്രവേശിക്കുക. വീട്ടിലുള്ളവരുമായി എല്ലാവിധ സമ്പര്‍ക്കങ്ങളും ഒഴിവാക്കുക. ശേഷം ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ ഐസൊലേഷനില്‍ തുടരണം 
 
ശാരീരിക ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണെന്ന് ഡോക്ടറെ അറിയിക്കുക. കോവിഡ് പോസിറ്റീവ് ആണെങ്കില്‍ എന്തെല്ലാം ലക്ഷണങ്ങള്‍ ഉണ്ടെന്നും ഡോക്ടറെ അറിയിക്കണം. 
 
ഓരോ വീട്ടിലും ഓക്‌സിമീറ്റര്‍ ഉണ്ടായിരിക്കണം. ഓക്‌സിജന്‍ ലെവല്‍ ഇടയ്ക്കിടെ നോക്കുക. ഓക്‌സിമീറ്ററില്‍ ഓക്‌സിജന്‍ ലെവല്‍ 94 ശതമാനത്തില്‍ താഴെയാണെങ്കില്‍ അടിയന്തരമായി വൈദ്യസഹായം തേടണം
 
ആറ് മണിക്കൂര്‍ കൂടുമ്പോള്‍ ശരീര താപനില പരിശോധിക്കുക. പനി 101 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായി മൂന്ന് ദിവസം തുടര്‍ച്ചയായി നില്‍ക്കുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടണം. 
 
ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, ചുണ്ടുകളും മുഖവും നീലയ്ക്കുക, നെഞ്ചില്‍ വേദന അനുഭവപ്പെടുക, സംസാരിക്കാന്‍ ബുദ്ധിമുട്ട് തോന്നുക, എഴുന്നേറ്റ് നില്‍ക്കാന്‍ ബുദ്ധിമുട്ട് തോന്നുകയോ എപ്പോഴും കിടക്കാനുള്ള പ്രവണത തോന്നുകയോ വന്നാല്‍ വൈദ്യസഹായം തേടണം. 

ഹോം ക്വാറന്റൈന്‍ എന്നു പറഞ്ഞാല്‍ അത് റൂം ക്വാറന്റൈന്‍ ആയിരിക്കണം. കാരണം, അതിവേഗം പടരാന്‍ സാധ്യതയുള്ള വൈറസ് ആണിത്. ജനിതകമാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാന്‍ വീടിനുള്ളിലും രണ്ട് മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം. 
 
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആഹാര സാധനങ്ങള്‍, ഫോണ്‍, ടി.വി.റിമോര്‍ട്ട്, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി ഒരു സാധനവും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ രോഗം പടരാന്‍ സാധ്യത വളരെ കൂടുതലാണ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മുറിക്ക് പുറത്തിറങ്ങരുത്. അഥവാ മുറിക്ക് പുറത്തിറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങളെല്ലാം അണുവിമുക്തമാക്കണം. 
 
റൂം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശുചിമുറിയും വായു സഞ്ചാരവുമുള്ള മുറിയിലാണ് കഴിയേണ്ടത്. മുറിക്ക് പുറത്തിറങ്ങാതിരിക്കുകയാണ് അത്യുത്തമം. നിരീക്ഷണത്തില്‍ കഴിയാന്‍ എ.സി. മുറികള്‍ ഒഴിവാക്കുക. മുറിക്കുള്ളില്‍ ശുചിമുറിയില്ലെങ്കില്‍ മറ്റേതെങ്കിലും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുകയാണ് നല്ലത്. വീട്ടിലുള്ളവര്‍ ഇടയ്ക്കിടെ കൈ കഴുകുക. വീട്ടിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കരുത്. മറ്റ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് പോകരുത്. 
 
ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തന്നെ കഴുകുക. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി ഉപയോഗിച്ച സാധനങ്ങളെല്ലാം ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷമേ മറ്റൊരാള്‍ ഉപയോഗിക്കാവൂ.  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article