ഉറക്കത്തില്‍ നടക്കുന്നത് ശീലമാണോ, എങ്കില്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (08:32 IST)
തലച്ചോറിന് ഉണര്‍വും, അവബോധവും ശരിയായ മൂഡും നല്‍കുന്ന ഒന്നാണ് ഉറക്കം. എന്നാല്‍ പല ആളുകളും ഗുരുതരമായ ഉറക്ക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നതാണ് ഒരു പ്രധാന കാര്യം. താളം തെറ്റിയ ഉറക്കം ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയാക്കും. സമ്മര്‍ദ്ദവും ഉത്ക്കണ്ഠയുമെല്ലാം ഉറക്കത്തിനു തടസ്സം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. അതുപോലെ കൂര്‍ക്കം വലി ,ഉറക്കത്തിലെ നടത്തം, പല്ലുകടി എന്നിവയും ഉറക്കത്തിനു തടസ്സമുണ്ടാക്കുന്ന മറ്റു ചില കാര്യങ്ങളാണ്.
 
ഉറക്കം ആരംഭിച്ച ഒരു വ്യക്തി പൂര്‍ണമായി ഉണരാതെതന്നെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചലിക്കാന്‍ തുടങ്ങുന്നതിനാണ് സ്ലീപ് വാക്കിങ്ങ് എന്നു പറയുക. ഉറക്കത്തിനിടെ തുടര്‍ച്ചയായി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും കുറച്ചുദൂരം നടക്കുന്നതുമാണ് ഇതിന്റെ പ്രധാന ലക്ഷണം. ഈ അസുഖം തുടങ്ങുന്ന അവസരങ്ങളില്‍ നിര്‍വികാരമായ തരത്തിലുള്ള തുറിച്ചുനോട്ടം, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും. ഉറക്കമുണര്‍ന്നു കഴിഞ്ഞാല്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഓര്‍മയുമുണ്ടാകില്ല.
 
ഉറക്കത്തിന്റെ തുടക്കത്തിലെ ഒന്നൊന്നര മണിക്കൂറിലാണ് സ്ലീപ് വാക്കിങ്ങ് കൂടുതലായും കാണപ്പെടുക. ഏതാനും സെക്കന്റുകള്‍ തൊട്ട് അഞ്ചുമുതല്‍ പതിനഞ്ച് മിനിട്ടുവരെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുക. കിടക്കയില്‍ എഴുന്നേറ്റിരിക്കുക, നടക്കാന്‍ ശ്രമിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കാണാറുള്ളത്. കണ്ണ് തുറന്നുപിടിച്ചിരിക്കുന്നതിനാല്‍ രോഗി ഉണര്‍ന്നിരിക്കുകയാണെന്നാണ് മറ്റുള്ളവര്‍ക്ക് തോന്നുക. മാത്രമല്ല, എണീക്കുമ്പോഴും നടത്തത്തിനിടയിലും രോഗി അവ്യക്തമായി കരയുകയോ പിറുപിറുക്കുകയോ ചെയ്‌തേക്കും.
 
ഇത്തരം സന്ദര്‍ഭങ്ങളില്‍ അരികിലുള്ള വസ്തുക്കളില്‍ത്തട്ടി വീഴാതെയും പരിക്കുകളൊന്നും ഏല്‍ക്കാതെയും ഈ രോഗി നടത്തം പൂര്‍ത്തിയാക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്ലീപ് വാക്കിങ്ങിനിടയിലും രോഗിക്ക് കുറച്ച് ബോധം അവശേഷിക്കുന്നുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. സ്ലീപ് വാക്കിങ്ങിനിടെ മുകള്‍നിലകളില്‍ നിന്നു താഴേക്കു വീഴുന്നതിലൂടെയും നടന്നു പൊകുന്ന വേളയില്‍ റോഡുകളിലെത്തിയുമെല്ലാം ഇത്തരം രോഗികള്‍ക്ക് അപൂര്‍വമായി അപകടങ്ങളോ മരണമോ സംഭവിക്കാറുണ്ടെന്നതും വസ്തുതയാണ്.
 
സ്ലീപ് വാക്കിങ്ങ് ഉള്ളവരുടെ മുറികളില്‍ നിന്ന് അവര്‍ രാത്രിയില്‍ എഴുന്നേറ്റു നടക്കുന്ന വേളയില്‍ അപകടങ്ങള്‍ക്കു കാരണമാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ എടുത്തുമാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥിരമായി സ്ലീപ് വാക്കിങ്ങ് ആരംഭിക്കുന്ന് സമയത്തിന് അരമണിക്കൂര്‍ മുമ്പായി കുട്ടിയെ വിളിച്ചുണര്‍ത്തുകയാണെങ്കില്‍ അത് ഇത്തരം വാക്കിങ്ങ് തടയാന്‍ സഹായകമാകും. ഇത്തരം രോഗികളുടെ മുറിയിലെ വാതിലില്‍ രാത്രി സമയങ്ങളില്‍ മണികള്‍ തൂക്കിയിടുന്നത് നല്ലതാണ്. ഇത്തരം രോഗികള്‍ വീടിന്റെ താഴെ നിലയില്‍ ഉറങ്ങുന്നതായിരിക്കും സുരക്ഷിതം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍