Pressure Cooker Using Tips: അതിവേഗം ഭക്ഷണം പാകം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് പ്രഷര്‍ കുക്കര്‍. പാചകം എളുപ്പത്തില്‍ ആക്കും എന്നതിനൊപ്പം കട്ടിയേറിയ ഭക്ഷണ സാധനങ്ങള്‍ കൃത്യമായി വേവാനും പ്രഷര്‍ കുക്കര്‍ സഹായിക്കും. എന്നാല്‍ ഇറച്ചി പോലുള്ള കട്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ വേവിച്ച ശേഷം കുക്കര്‍ വൃത്തിയാക്കാന്‍ നിങ്ങള്‍ കഷ്ടപ്പെടാറുണ്ടോ? ഇറച്ചിയുടെ മെഴുക്ക് കുക്കറില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് വലിയ തലവേദന തന്നെയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ ചെയ്തു നോക്കൂ...!
കട്ടിയുള്ള ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടം കഴുകി കളയാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ കുക്കറില്‍ വെള്ളം നിറയ്ക്കുക. കുക്കര്‍ അടയ്ക്കാതെ സ്റ്റൗവില്‍ ലോ ഫ്‌ളെയ്മില്‍ പത്ത് മിനിറ്റ് വയ്ക്കുക. ഈ സമയം കൊണ്ട് ഇറച്ചി പോലുള്ള കട്ടിയേറിയ വിഭവങ്ങളുടെ കൊഴുപ്പിന്റെ അംശം കുക്കറിന്റെ ഉള്‍ഭാഗത്തു നിന്ന് ഇളകി പോരും. അതിനുശേഷം ഈ വെള്ളം കളഞ്ഞ് ഡിഷ് വാഷ് സോപ്പോ ലിക്വിഡോ ഉപയോഗിച്ച് നന്നായി സ്‌ക്രബ് ചെയ്യാവുന്നതാണ്. കുക്കര്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ വിനാഗിരിയോ ചെറുനാരങ്ങാ നീരോ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതും നല്ലതാണ്.
ഇറച്ചി പോലുള്ള വിഭവങ്ങള്‍ വേവിച്ച ശേഷം കുക്കര്‍ വൃത്തിയാക്കുമ്പോള്‍ മറ്റൊരു കാര്യം ശ്രദ്ധിക്കണം. ഇറച്ചിയുടെ കൊഴുപ്പ് പോലുള്ള അവശിഷ്ടങ്ങള്‍ കുക്കറിന്റെ വാഷറിനു ചുറ്റും അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വാഷര്‍ ഊരി കുക്കറിന്റെ ചുറ്റിലും വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.