തീറ്റമത്സരം ഒരു ഹരമാണ്; ശരീരത്തിന് ആ ഹരം ഇഷ്‌ടമാണോ എന്തോ ?

Webdunia
ശനി, 9 ജൂലൈ 2016 (19:50 IST)
ഓണം വന്നാലും നാട്ടിന്‍പുറങ്ങളിലും നഗരപ്രദേശങ്ങളിലും മറ്റും സ്ഥിരമായി കേള്‍ക്കുന്ന ഒരു മത്സരമാണ് തീറ്റമത്സരം. തീറ്ററപ്പായിമാരെ പോലുള്ളവര്‍ക്ക് ഇതൊരു പ്രശ്നമല്ലെങ്കിലും തീറ്റമത്സരത്തിനിടയില്‍ മരണവും ഉണ്ടാകാറുണ്ട്. നിശ്ചിതസമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരെ കണ്ടെത്തുന്നതാണ് തീറ്റമത്സരം.
 
ഓണക്കാലമായാല്‍ കേരളത്തില്‍ തീറ്റമത്സരം സജീവമാണ്. അതുകൂടാതെ, ഉത്സവങ്ങളിലും ക്ലബുകളുടെ പ്രത്യേക പരിപാടികളിലും ഓഫീസുകളില്‍ ആഘോഷങ്ങള്‍ക്ക് ഇടയിലും തീറ്റമത്സരം സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, പലപ്പോഴും ആവേശം നിറയ്ക്കുന്ന തീറ്റമത്സരം വന്‍ അപകടത്തിനും വഴി വെക്കാറുണ്ട്. പലപ്പോഴും വമ്പന്‍ കാഷ് പ്രൈസുകള്‍ ഉള്‍പ്പെടെ വമ്പന്‍ സമ്മാനമാണ് തീറ്റമത്സരത്തിന് നല്കുന്നത്.
 
തീറ്റമത്സരം ആവേശം നിറയ്ക്കുമെങ്കിലും നിരവധി അപകടങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ട്. വീട്ടിലിരുന്ന് നമ്മള്‍ ഭക്ഷണം കഴിക്കുന്നതു പോലെയല്ല, തീറ്റമത്സരത്തിന് കഴിക്കുമ്പോള്‍. നിശ്ചിതസമയത്തിനുള്ളില്‍ എതിരാളിയേക്കാള്‍ കൂടുതല്‍ ഭക്ഷണം നമ്മള്‍ കഴിക്കണം. അത് ചിലപ്പോള്‍ ഇഡ്ഡലിയാകാം ചിലപ്പോള്‍ പഴമാകാം വേറെ പലതുമാകാം. അതായത്, കുറഞ്ഞ സമയത്തിനുള്ളില്‍ ശരീരത്തിന് ആവശ്യമായ അളവില്‍ കൂടുതല്‍ ആഹാരം നമ്മള്‍ കഴിക്കണമെന്ന് നിര്‍ബന്ധം. എന്നാല്‍, ഇങ്ങനെ കഴിക്കുന്നത് പലപ്പോഴും ദഹനപ്രശ്നങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ചിലപ്പോഴൊക്കെ മരണത്തിനു വരെയും കാരണമാകാറുണ്ട്.
 
പലപ്പോഴും തീറ്റമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് കാലാവസ്ഥ പോലും പരിഗണിക്കാതെയാണ്. തണുപ്പുകാലത്ത് ഐസ്ക്രീം തീറ്റമത്സരം നടത്തിയാലും ചൂടുകാലത്ത് ഇറച്ചി പോലുള്ള ആഹാരസാധനങ്ങളുടെയും തീറ്റമത്സരം നടത്തുന്നത് ഒരിക്കലും നന്നായിരിക്കില്ല. എന്നാല്‍, പലപ്പോഴും കൊതിപ്പിക്കുന്ന സമ്മാനങ്ങളുടെ ആകര്‍ഷകത്വത്തില്‍ വീണു പോകുന്നവര്‍ ഇതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കാറില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ പഠനം നടത്തി കാലാവസ്ഥയ്ക്കനുസരിച്ച് വേണം ഓരോ തീറ്റമത്സരവും സംഘടിപ്പിക്കാന്‍.
 
തീറ്റമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പലരും ശാരീരിക അവസ്ഥയെ മറന്നുപോകാറുണ്ട്. പ്രമേഹരോഗികള്‍ പഴംതീറ്റ മത്സരത്തില്‍ പങ്കെടുക്കുന്നതും പനിയുള്ളവര്‍ ഐസ്ക്രീം തീറ്റ മത്സരത്തില്‍ പങ്കെടുക്കുന്നതും ഒരുപോലെ ഹാനികരമാണെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട്, തീറ്റ മത്സരത്തിനു ഒരുങ്ങുന്നതിനു മുമ്പ് നമ്മുടെ ശരീരവും അതിനു തയ്യാറാണോ എന്ന് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
Next Article