സ്തനാര്‍ബുദം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിങ്കള്‍, 12 നവം‌ബര്‍ 2018 (14:43 IST)
മനുഷ്യരിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനമായിട്ടാണ് ബ്രെസ്റ്റ് കാന്‍സര്‍ അഥവാ സ്തനാര്‍ബുദത്തെ കണക്കാക്കുന്നത്. ലോകത്താകെയുള്ള കണക്കില്‍ 16 ശതമാനത്തിലധികം സ്ത്രീകള്‍ സ്തനാര്‍ബുദ ബാധിതരാണെന്ന് കരുതുന്നു. ഫാസ്റ്റ് ഫുഡ് സംസ്കാരം, വ്യായാമമില്ലായ്മ, കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിലുള്ള അനാസ്ഥ, പാരമ്പര്യ ജീനുകള്‍, അമിത വണ്ണം, കോസ്‌മെറ്റിക് ബ്രെസ്റ്റ് ഇംപ്ലാന്റ് എന്നിവ രോഗത്തിന്റെ വ്യാപനത്തിന് കാരണമായതായി കരുതപ്പെടുന്നു. വൈകി മാത്രം വിവാഹം കഴിക്കുകയും, കുട്ടികളുണ്ടാവുകയും ചെയ്യുമ്പോള്‍ സ്തനങ്ങളില്‍ അടിഞ്ഞുകൂടുന്ന ഹോര്‍മോണുകളുടെ കേന്ദ്രീകൃത രീതി കാന്‍സറിന്റെ സാധ്യതകളിലേക്ക് വഴി തുറക്കുന്നു. മുലയൂട്ടാത്ത അമ്മമാരിലും രോഗം വരാനുള്ള സാധ്യത ഏറെയാണ്.
 
സ്ത്രീകളിലെ കാന്‍സര്‍ രോഗത്തിന്റെ തുടക്കം ഒരു പരിധിവരെ അവര്‍ക്കു തന്നെ കണ്ടുപിടിക്കാന്‍ കഴിയുന്നതാണ്. കുളിക്കുമ്പോഴോ, വസ്ത്രങ്ങള്‍ മാറുമ്പോഴോ തങ്ങളുടെ സ്തനം സ്ത്രീകള്‍ക്ക് പരിശോധിക്കാവുതാണ്. അസാധാരണമായ തടിപ്പോ, വേദനയോ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്. സ്തനാര്‍ബുദം ആദ്യമേ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ എളുപ്പമാണ്.
 
അഭൂതപൂര്‍വമായ സ്തന വളര്‍ച്ച, മുലക്കണ്ണ് തടിച്ച് നിറവ്യത്യാസം വരിക എന്നിവയും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളായി എണ്ണാവുതാണ്. സ്തനാഗ്രത്തില്‍ അനുഭവപ്പെടുന്ന ആര്‍ദ്രത, അല്ലെങ്കില്‍ മുഴ എന്നിവയെല്ലാം പരിശോധിക്കണം. പലപ്പോഴും രോഗനിര്‍ണയത്തിലെ കാലതാമസം പ്രശ്‌നം സങ്കീര്‍ണമാക്കാനേ ഉപകരിക്കുകയുള്ളൂ. പ്രായമായ സ്ത്രീകള്‍ക്കാണ് സ്തനാര്‍ബുദത്തിന് സാധ്യത കൂടുതല്‍. 80 ശതമാനം സ്തനാര്‍ബുദ രോഗികളും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 
 
പുരുഷന്‍മാരിലെ ബ്രെസ്റ്റ് കാന്‍സര്‍
 
സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാറുണ്ട്. പക്ഷെ ഇത് വളരെ അപൂര്‍വ്വമാണ്. 50,000ത്തോളം സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം സ്തനാര്‍ബുദം ബാധിക്കുമ്പോള്‍ 350 പുരുഷന്മാരില്‍ മാത്രമാണ് പ്രതിവര്‍ഷം ഇത് ബാധിക്കുന്നത്. സ്ത്രീകള്‍ക്ക് വരുന്ന അതേ രീതിയില്‍ തന്നെയായിരിക്കും പുരുഷന്മാരിലും സ്തനാര്‍ബുദം ബാധിക്കുന്നത്. ചികിത്സയും സമാനം തന്നെ. സ്ത്രീകളിലെ ലക്ഷണങ്ങള്‍ തന്നെയായിരിക്കും പുരുഷന്മാരിലും ഉണ്ടായിരിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍