ക്രൂരമര്‍ദ്ദനമേറ്റ രണ്ട് വയസുള്ള പെണ്‍കുഞ്ഞ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍. അമ്മ എന്ന് അവകാശപ്പെടുന്ന 15 വയസ്സുകാരിയാണ് ജനുവരി 18-ന്, കുഞ്ഞിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചത്. മാനസിക സമ്മര്‍ദ്ദവും പ്രതികാരവുമെല്ലാം താന്‍ കുഞ്ഞിനോട് തീര്‍ക്കുകയായിരുന്നു എന്നാണ് ഈ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ പെണ്‍കുട്ടിയല്ല കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ എന്നും 19 ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് കുഞ്ഞിനെ അവര്‍ക്ക് ലഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍. പെണ്‍കുട്ടിയെ ജുവലൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞ് കോമയില്‍ ആയിരുന്നു. തലയ്ക്ക് ഗുരുതരമായ പരുക്കുകളുണ്ട്. ശരീരത്തില്‍ മുഴുവന്‍ അടിയുടെ പാടുകളാണ്. പൊള്ളലേറ്റതിന്റെ പാടുകളും അടിച്ച് മുറിവേല്‍പ്പിച്ചതിന്റെ പാടുകളും ശരീരത്തില്‍ കാണാം. എയിംസിനെ വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത അമ്പത് ശതമാനം മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടി കാമുകനൊപ്പമാണ് താമസം എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ മെയില്‍ ആണ് പെണ്‍കുട്ടി ഇയാളോടൊപ്പം ഒളിച്ചോടിയത്. കാമുകനാണ് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് കുഞ്ഞിനെ പെണ്‍കുട്ടിയ്ക്ക് കൊണ്ടുകൊണ്ടുത്തത് എന്നാണ് സൂചന. എന്നാല്‍ യഥാര്‍ത്ഥ മാതാപിതാക്കളുടെ കയ്യില്‍ നിന്നല്ല ഇയാള്‍ കുഞ്ഞിന്റെ വാങ്ങിയതെന്നും ഇടനിലക്കാരിയായ മറ്റൊരു സ്ത്രീ ഉണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്.