കുട്ടികള്‍ വഴി തെറ്റാതിരിക്കാന്‍

വ്യാഴം, 31 ജൂലൈ 2008 (17:11 IST)
PTIPTI
നിങ്ങള്‍ക്ക് സ്കൂളില്‍ പഠിക്കുന്ന കുട്ടികളുണ്ടോ? അവര്‍ പുകവലിയിലേക്കോ മയക്ക് മരുന്നിലേക്കോ തിരിയുമെന്ന ആശങ്കയുണ്ടോ? എങ്കില്‍ ഇതാ ഒരുപായം.

കൌമാരക്കാരായ കുട്ടികളോടൊപ്പം ആഹാരം കഴിക്കുക. അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
അഴ്ചയില്‍ അഞ്ച് തവണയോ അതില്‍ കൂടുതലോ പ്രാവശ്യം കുടുംബത്തോടൊപ്പം ആഹാരം കഴിച്ച കുട്ടികളെ പഠനത്തിന്‍റെ ഭാഗമായി ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയുണ്ടായി.

ഇതില്‍ ഭുരിഭാഗവും ലഹരിയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതായി കണ്ടെത്തി. മിനിസോട്ട സര്‍വകലാശാലയിലെ കൌമാര ആരോഗ്യ വിഭാഗത്തിലെ മര്‍ല ഐസര്‍ബര്‍ഗ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

എന്നാല്‍, ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികളില്‍ കുടുംബത്തോടൊപ്പം ആഹാരം കഴിക്കുന്നതില്‍ കാര്യമാ‍യ ഫലം ഉണ്ടാക്കുന്നില്ലെന്ന് മര്‍ല പറഞ്ഞു. ഇവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതും വീട്ടില്‍ ഇന്ന് കൂടുതല്‍ സമയം പുറത്ത് ചെലവിടാന്‍ അവസരം ലഭിക്കുന്നതുമാണ് കാരണമെന്ന് കരുതുന്നു.

ജേണല്‍ ഓഫ് അഡോളസന്‍റ് ഹെല്‍ത്തിലെ ആഗസ്ത് മാസത്തെ ലക്കത്തില്‍ പഠന ഫലം പ്രസിദ്ധപെടുത്തിയിട്ടുണ്ട്. മിനിസോട്ടയിലെ 806 കൌമാരക്കാരിലാണ് പഠനം നടന്നത്. ഇതില്‍ 45.4 ശതമാനം ആണ്‍ കുട്ടികളും 54. 6 ശതമാനം പെണ്‍കുട്ടികളുമാണ്.

ആദ്യമായി 1998-99ല്‍ ആണ് സ്കൂ‍ള്‍ കുട്ടികളില്‍ സര്‍വേ നടത്തിയത്. ഏതാണ്ട് പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളെ ആണ് അന്ന് പഠന വിധേയമാക്കിയത്. അവര്‍ കുടുംബത്തോടൊപ്പം ആഴ്ചയില്‍ എത്ര തവണ ആഹാരം കഴിച്ചുവെന്നും പുകവലിക്കാറുണ്ടോ, മദ്യം ഉപയോഗിക്കാ‍റുണ്ടോ എന്നും ചോദിക്കുകയുണ്ടായി. അഞ്ച് വര്‍ഷത്തിന് ശേഷം ഇവരില്‍ തന്നെ രണ്ടാമതും സര്‍വേ നടത്തി. കത്തിലൂടെ ആണ് ഇപ്രാവശ്യം വിവരങ്ങള്‍ ആരാഞ്ഞത്.

രണ്ടാമത്തെ സര്‍വേയില്‍ പങ്കെടുത്ത, ആഴ്ചയില്‍ അഞ്ച് പ്രാ‍വശ്യമോ അതിലേറെയോ തവണ കുടുംബത്തോടൊപ്പം ആഹാരം കഴിച്ച പെണ്‍‌കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് അപൂര്‍വമാണെന്ന് കണ്ടെത്തുകയുണ്ടായി. എന്നാല്‍, ഇങ്ങനെ ചെയ്യാത്തവരില്‍ ലഹരി ഉപയോഗം കൂടുതലായിരുന്നു.

അതിനിടെ, മറ്റൊരു രസകരമായ കാര്യം ആണ്‍കുട്ടികളില്‍ കുടുംബത്തോടൊപ്പം ആഹാരം കഴിക്കുന്നതും കഴിക്കാത്തതും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ലെന്നാണ്.

വെബ്ദുനിയ വായിക്കുക