എസ്എംഎസ് അയച്ചിട്ട് മാത്രം മരുന്നു വാങ്ങുക

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2012 (11:30 IST)
PRO
PRO
ഗുണനിലവാരമില്ലാത്തതും നിരോധിച്ചതുമായ മരുന്നുകള്‍ വിപണിയിലെത്തുന്നത് തടയാന്‍ സംസ്ഥാന ഡ്രഗ് കണ്ട്രോള്‍ വിഭാഗം ഒരുങ്ങുന്നു. നിരോധിച്ച മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം എസ് എം എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം പരീക്ഷിക്കുന്നത്.

' ഫാര്‍മസ്യൂട്ടിക്കല്‍ പോളിസി' എന്ന സര്‍ക്കാര്‍ നയപ്രഖ്യാപനവും 2005ലെ ഇന്ത്യന്‍ പേറ്റന്റ് നിയമ ഭേദഗതിയും നിലവില്‍ വന്നതോടെയാണ് രാജ്യത്തെ ഔഷധ മേഖല പൂര്‍ണമായും വിദേശ കുത്തകകമ്പനികളുടെ നിയന്ത്രണത്തിലായത്. ഇതോടെ വിപണിയിലുള്ള മരുന്നുകളുടെ ഗുണനിലവാരം, നിരോധിത മരുന്നുകള്‍ ഈ വിവരങ്ങള്‍ സാധാരണക്കാര്‍ക്കറിയാതായി. നിലവാരമില്ലാത്തതും നിരോധിച്ചതും എങ്ങനെ തിരിച്ചറിയുമെന്നുള്ള ജനങ്ങളുടെ ആശങ്ക അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിരോധിച്ചതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകളെ കുറിച്ച് വിവരം നല്‍കാന്‍ എസ് എം എസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

സെപ്റ്റംബര്‍ മുതല്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ്‍ സൂചന. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍വഴി കണ്ടെത്തുന്ന ഗുണനിലവാരം കുറഞ്ഞതും നിരോധിച്ചതുമായ മരുന്നുകളുടെ വിവരം എസ് എം എസ് ആയി പൊതുജനങ്ങളില്‍ എത്തിക്കുകയാണ് പദ്ധതി. നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും (എന്‍ ഐ സി) കെല്‍ട്രോണും ചേര്‍ന്ന് വിവിധ മൊബൈല്‍ഫോണ്‍ നെറ്റുവര്‍ക്കുകളെ ഏകോപിപ്പിച്ചാണ് എസ് എം എസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

വിവരങ്ങള്‍ മൊബൈലില്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി. ഏതെങ്കിലും മരുന്നുകള്‍ ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തുകയോ നിരോധിക്കുകയോ ചെയ്താല്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മൂന്ന് മിനിറ്റിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ഫോണില്‍ ലഭ്യമാകും.