മുഖം മനസ്സിന്റെ കണ്ണാടിയാണ്; പരിപാലിക്കാം ശ്രദ്ധയോടെ

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2017 (11:31 IST)
ബ്യൂട്ടി പാര്‍ലറുകള്‍ ഇന്ന് ഗ്രാമീണ ജീവിതത്തിന്‍റെ കൂടി അവിഭാജ്യ ഘടകമായി തീര്‍ന്നിരിക്കുകയാണ്. മുഖത്തെ പാടു മാറ്റാന്‍, മുഖം വെളുപ്പിക്കാന്‍, കലകള്‍ മാറ്റാന്‍, എല്ലാം ഇന്ന് ബ്യൂട്ടി പാര്‍ലര്‍ മാത്രമാണ് ആശ്രയം. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ സ്വയം ഒരു ബ്യൂട്ടി പാര്‍ലര്‍ ഒരുക്കാവുന്നതേയുള്ളു. 
 
വീട്ടില്‍ കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് സ്വയം മുഖശ്രീ വരുത്തുകയും ആവാം. ഇതിനായി ആദ്യം സ്വന്തം ചര്‍മ്മത്തിന്‍റെ സ്വഭാവം അറിയേണ്ടതുണ്ട്. സാധാരണ ചര്‍മ്മമാണോ, വരണ്ട ചര്‍മ്മമാണോ, എണ്ണമയമുള്ളചര്‍മ്മമാണോ എന്നറിഞ്ഞ ശേഷമേ ദോഷം അകറ്റാനും അഴക് വരുത്താനുമുള്ള വിവിധ സൂത്രങ്ങള്‍ തൊലിയില്‍ പ്രയോഗിക്കാവു.
 
അല്ലെങ്കില്‍ ഇത് മുഖക്കുരുവോ അലര്‍ജിയോ ഉണ്ടാവാന്‍ ഇടവരുത്തും. ചര്‍മ്മ ശുദ്ധിക്ക് ഏറ്റവും ആവശ്യം ജലപാനമാണ്. ഇത് നൈസര്‍ഗ്ഗികമായി ചര്‍മ്മ കാന്തി വര്‍ദ്ധിപ്പിക്കും. എഡിമ (നീര്‍ക്കെട്ട്), മൂത്രസംബന്ധമായ അസുഖങ്ങള്‍ എന്നിവ ഇല്ലെങ്കില്‍ ദിവസവും ചുരുങ്ങിയത് 12 ഗ്ളാസ് വെള്ളമെങ്കിലും കുടിക്കണം. 
 
വാഴപ്പഴം, പപ്പായ, ഓറഞ്ച് എന്നിവയുടെ മിശ്രിതം മുള്‍ട്ടാണി മിട്ടി (ഇത് മുഖത്ത് പുരട്ടാവുന്ന മണ്‍ ലേപനമാണ്. ഇത് കടയില്‍ വാങ്ങാന്‍ കിട്ടും) ചേര്‍ത്ത് മുഖത്ത് പുരട്ടി അല്‍പ്പം കഴിഞ്ഞ് കഴുകിക്കളയുക. ഇത് ചര്‍മ്മത്തിന്‍റെ വരള്‍ച്ച മാറ്റാന്‍ സഹായകമാണ്.
 
കാരറ്റ് നീരും പാല്‍പ്പാടയും മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും വരണ്ട തൊലിക്ക് നല്ലതാണ്. 
 
കസ്തൂരി മഞ്ഞള്‍, കടലമാവ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ എണ്ണമയം മാറിക്കിട്ടും.
 
രക്തചന്ദനവും കസ്തൂരി മഞ്ഞളും തേച്ചു പിടിപ്പിച്ചാല്‍ മുഖത്തെ പാടുകള്‍ മാറിക്കിട്ടും.
 
ചുവന്ന ഉള്ളി, കസ്തൂരി മഞ്ഞളും ചെറു നാരങ്ങാ നീരും ചേര്‍ത്ത് ഉപയോഗിച്ചാല്‍ കഴുത്തിനു പുറകിലുള്ള കറുപ്പ് നിറം മാറും. 
 
മുഖത്ത് ഉണ്ടാവുന്ന ഒരു പ്രധാന പ്രശ്നം കരിവാളിപ്പാണ് (കരുവാളിപ്പ്). വേനല്‍ക്കാലത്താണ് സൂര്യതാപം ഏറ്റതു മൂലം ഉണ്ടാവുന്ന കരിവാളിപ്പ് കൂടുതല്‍ ഉണ്ടാവുക. ആഴ്ചയില്‍ ഒരു ദിവസം എണ്ണ തേച്ച് കുളി നടത്തിയാല്‍ കരിവാളിപ്പ് കുറേയേറെ മാറിക്കിട്ടും. ചര്‍മ്മത്തിന് സ്വാഭാവിക നിറം കൈവരികയും ചെയ്യും. 
 
വെയിലേറ്റ് മുഖം വാടി കരിവാളിപ്പ് വന്നാല്‍ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകണം. നന്ത്യാര്‍വട്ട പൂവ് കണ്ണിനു മുകളില്‍ വച്ചാല്‍ കണ്ണിനു കുളിര്‍മയും ഉന്മേഷവും കൈവരും. കണ്ണില്‍ ഉണ്ടാവുന്ന ചെറിയ പോറലുകള്‍ക്കും ചൊറിച്ചിലിനും നന്ത്യര്‍വട്ടത്തിന്‍റെ നീര് പിഴിഞ്ഞൊഴിക്കുന്നതും നല്ലതാണ്.
 
മുഖകാന്തി കൂട്ടാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ചെയ്യുന്നത് വിവിധ തരം ഫെയ് സ് പാക്കുകള്‍ - മുഖാവരണങ്ങള്‍ - പ്രയോഗിക്കുകയാണ്. തണുപ്പ് നല്‍കുന്ന ചന്ദനം, ഗ്ളിസറിന്‍ എന്നിവ മുഖത്ത് പുരട്ടുന്നത് കരിവാളിപ്പ് മാറാനും മുഖകാന്തി കൂടാനും സഹായിക്കുന്നു. 
 
ഇതെല്ലാം വീട്ടിലിരുന്ന് ചെയ്യാവുന്നതേയുള്ളു. ബ്യൂട്ടി പാര്‍ലറില്‍ പോകേണ്ട കാര്യമേയില്ല. അല്‍പ്പം സമയം കണ്ടെത്തിയാല്‍ വലിയ പണച്ചെലവില്ലാതെ ചെറിയ സൗന്ദര്യ പ്രശ്നങ്ങള്‍ ഒട്ടൊക്കെ സ്ത്രീകള്‍ക്ക് തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. ഇതേ കാര്യങ്ങള്‍ പുരുഷന്മാര്‍ ചെയ്താലും സമാനമായ ഫലങ്ങളാണ് ഉണ്ടാവുക എന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ.
Next Article