പലതരത്തിലുള്ള ശരീര വേദനകള്‍ മൂലം വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് മരുന്നായി നിര്‍ദേശിക്കുന്ന ഒന്നാണ് ഉറക്കം. നല്ല ഉറക്കം ലഭിക്കുന്നത് ഇത്തരം വേദനകള്‍ കുറയ്ക്കാന്‍ സഹായകമാണെന്നും ഗവേഷണങ്ങളില്‍ പറയുന്നു. ഉറങ്ങുന്ന സമയത്ത് ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടുകയും ഈ ഹോര്‍മോണ്‍ കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും തിളങ്ങുന്ന ചര്‍മ്മം പ്രദാനം ചെയ്യുകയും ചെയ്യും.
പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ആളുകള്‍ക്കും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കമാണ് ആവശ്യം. അതേസംയം മറ്റുള്ളവരില്‍ ആറു മണിക്കൂര്‍ ഉറക്കം തന്നെ ധാരാളമാണ്. എന്നാല്‍ കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നതുമൂലം തളര്‍ച്ച, വിഷാദം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമായേക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തികളില്‍ ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കും രക്തസമ്മര്‍ദ്ദത്തിനുമുള്ള സാധ്യത അധികമാണെന്ന് ഒരു പഠനത്തില്‍ പറയുന്നു. അതുപോലെ ഉറക്കക്കുറവ് മൂലം പൊണ്ണത്തടി, ഡയബറ്റീസ്, മദ്യാസക്തി, വിഷാദരോഗം, വാഹനാപകടങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.