മാനേജ്മെന്‍റ് ഗുരുവായ ഗാന്ധിജി

PRO
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ രൂപവും ഭാവവും മാറ്റിയെഴുതിയ ദാര്‍ശനികനും നായകനുമായി മാത്രം പൊതുവെ വിലയിരുത്തപ്പെടുന്ന ഗാന്ധിജി ഉയര്‍ത്തിയ ആശയങ്ങള്‍ ആധുനിക കാലഘടത്തില്‍ മാനേജ്‌മെന്‍റ് തത്വങ്ങള്‍ക്കും വഴികാട്ടിയാക്കുന്നു. ലോക പ്രശസ്ത മാനേജ്‌മെന്‍റ് ഗുരുവായ സ്റ്റീഫന്‍ ആര്‍ കോവേയാണ് ഗാന്ധി മുന്നോട്ട് വെച്ച് ഏഴു പാപങ്ങള്‍ എന്ന കാഴ്ചപ്പാടിനെ ഉദാത്ത മാനേജ്മെന്‍റ് തത്വങ്ങളായി നിര്‍വചിച്ചത്.

അധ്വാനം ഇല്ലാത്ത സമ്പത്ത്, മനസാക്ഷി ഇല്ലാത്ത ആനന്ദം, വ്യക്തിത്വം ഇല്ലാത്ത അറിവ്, ധാര്‍മികതയില്ലാത്ത വ്യാപാരം, മനുഷ്യത്വം ഇല്ലാത്ത ശാസ്ത്രം, ത്യാഗം ഇല്ലാത്ത മതം, ആദര്‍ശമില്ലാത്ത രാഷ്ട്രീയം എന്നിവയാണ് ഏഴു കൊടും പാപങ്ങളായി ഗാന്ധിജി ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ ഗാന്ധിജി അവതരിപ്പിച്ച ഈ ആശയം ആധുനിക മാനേജ്മെന്‍റ് രംഗത്തും പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നാണ് ഫ്രാങ്ക്ലിന്‍ കോവേയുടെ വിശദീകരണം.

ലോകത്തില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ‘ദി സെവന്‍ ഹാബിറ്റ്സ് ഓഫ് ഹൈലി ഇഫക്ടീവ് പീപ്പീള്‍‌’ എന്ന മാനേജ്‌മെന്‍റ് ഗ്രന്ഥത്തിലാണ് കോവേ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് മാനേജ്‌മെന്‍റ് മുഖം നല്‍കിയിരിക്കുന്നത്. മനുഷ്യരെ നശിപ്പിക്കുന്ന കൊടും പാപങ്ങള്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച പ്രവര്‍ത്തികള്‍ ആധുനിക ലോകത്തിന് എങ്ങനെ ഭീഷണിയാകുന്നു എന്ന് കോവേ തന്‍റെ പുസ്തകത്തില്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്നു.

ഗാന്ധിജി ചൂണ്ടി കാണിച്ചു തന്ന ഏഴു കൊടും പാപങ്ങളില്‍ സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പക്ഷെ ഏറ്റവും പ്രസക്തി അവകാശപ്പെടാവുന്നതാണ് അധ്വാനം ഇല്ലാത്ത സമ്പത്ത് എന്ന ആദ്യപാപം.

WD
അധ്വാനം ഇല്ലാത്ത സമ്പത്ത്

പ്രത്യേകിച്ച് അധ്വാനമൊന്നുമില്ലാതെ പണം ഉണ്ടാകാനുള്ള മനുഷ്യരുടെ ത്വരയെയാണ് ഈ പ്രയോഗം കൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചതെങ്കിലും ഇന്നത്തെ കാലത്ത് സ്ഥാപനങ്ങളും ഇതിന് അടിമകളായിരിക്കുന്നു എന്ന കോവേ പറയുന്നു. കാര്യമായ അധ്വാനമൊന്നുമില്ലാതെ ഊഹകച്ചവടത്തിലൂടെയും ഉപജാപത്തിലൂടെയും സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് നിരവധി അവസരങ്ങളാണുള്ളത്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്ങ്, പിരമിഡല്‍ സഥാപനങ്ങള്‍ തുടങ്ങിയവ ഇത്തരത്തില്‍ കോവേയെ ആശങ്കപ്പെടുത്തുന്നുണ്ട്.

നികുതി അടയ്ക്കാതെയും, സര്‍ക്കാരിന്‍റെ സൌജന്യ പദ്ധതികളിലൂടെയും സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞു മാറിയും ഒക്കെ പണം സമ്പാദിക്കുന്നത് ഇത്തരത്തിലുള്ള പാപങ്ങളുടെ പട്ടികയില്‍ പെടും. യാതൊരു ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാതെ ഒരു രാജ്യത്തെ പൌരനോ, സ്ഥാപനത്തിന്‍റെ അംഗമൊ ആയതിന്‍റെ പേരില്‍ സുഖ സൌകര്യങ്ങള്‍ അനുഭവിക്കുന്നവരും പാപികളുടെ ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുക.

പ്രകൃതി നിയമങ്ങളില്‍ നിന്ന് അകന്ന് നിന്നുള്ള വിധി നിര്‍ണയം തെറ്റായി മാത്രമെ ഭവിക്കുകയുള്ളു എന്നാണ് ഇതിന് കോവേ നല്‍കുന്ന വിശദീകരണം. തകര്‍ന്നു പോയ പല വാണിജ്യ സ്ഥാപനങ്ങളുടെയും ജീവനക്കാരോട് സംസാരിച്ചതില്‍ നിന്ന് ആ സഥാപനങ്ങള്‍ പ്രകൃതി നിയമത്തില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും അകന്ന് പോയതിന്‍റെയും, അമിതമായ കടങ്ങളിലൂടെ സ്ഥാപനത്തിന് വളര്‍ച്ച കൊണ്ട് വരാന്‍ ശ്രമിച്ചതിന്‍റെ തിക്ത ഫലങ്ങളും താന്‍ മനസിലാക്കിയതായി കോവേ വിശദീകരിക്കുന്നു. ഈ ജീവനക്കാരില്‍ പലരും ഈ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ പരമ്പരാഗത നിലപാടുകളെ വിമര്‍ശിച്ചു കൊണ്ട് കടം വാങ്ങലിനെയും ഊഹക്കച്ചവടങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിന്നുവത്രെ.

ആട്, മാഞ്ചിയം, തേക്ക് പദ്ധതികള്‍ മുതല്‍ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് വരെ കണ്ട മലയാളികള്‍ക്ക് അധ്വാനം ഇല്ലാത്ത സമ്പത്ത് കൊടും പാപമാണെന്ന് ഗാന്ധിയന്‍ ദര്‍ശനത്തിന്‍റെ കാലിക പ്രസക്തി മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടും വേണ്ടി വരില്ല.

വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ നടത്തുന്ന ഊഹക്കച്ചവടത്തിന്‍റെ തലസ്ഥാനമായ അമേരിക്കന്‍ ഓഹരി വിപണിയില്‍ ഈ സ്ഥാപനങ്ങള്‍ക്ക് നേരിട്ട തിരിച്ചടിയാണ് ഗാന്ധിയന്‍ ദര്‍ശനത്തിന്‍റെ പ്രസക്തി വിളിച്ചോതുന്ന മറ്റൊരു സമകാലിക സംഭവ വികാസം. ഊഹകച്ചവടത്തിന് നേതൃത്വം നല്‍കിയ സ്ഥാപനങ്ങള്‍ മാത്രമല്ല തങ്ങളുടെ നിക്ഷേപങ്ങളിലൂടെ ഇവയില്‍ പങ്കാളികളായ സാധാരണക്കാരും തകര്‍ച്ചയുടെ ഫലം അനുഭവിക്കേണ്ടി വന്നു, ഇങ്ങനെ തകര്‍ന്നു പോയ സഥാപനങ്ങളെ രക്ഷിക്കാനായി നികുതിദായകന്‍റെ പണം ഉപയോഗിക്കുന്നതിന്‍റെ നന്‍മ തിന്‍മകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ദിശാബോധം നല്‍കാനും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.