കൂട്ടുകാരീ നീ ഓര്‍ക്കുന്നോ?

FILEFILE
സൌഹൃദത്തിന് ഇറ്റ് വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദമാണ്! ഏകാന്തതയുടെ ഓര്‍മ്മക്കൂടിനുള്ളില്‍ അവ പലപ്പോഴും തുള്ളിച്ചിതറി....നീ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞു.

സുജ, കൂട്ടുകാരിയായിരുന്നു, ഇപ്പോഴും അതെ! പക്ഷേ ആ സൌഹൃദം മുറിഞ്ഞു പോയി. എങ്ങനെയെന്നു ചോദിച്ചാല്‍ കാലമാണ് അതിന് ഉത്തരം പറയേണ്ടത്.

അവള്‍ അയല്‍ക്കാരിയോ പരിചയക്കാരിയോ അല്ലായിരുന്നു എങ്കിലും എനിക്കൊപ്പം എത്തിപ്പെട്ട ഒരു സുഹൃത്ത്. കളങ്കമില്ലാത്ത കാലത്ത് കലര്‍പ്പില്ലാത്ത സൌഹൃദം നല്‍കിയ ബാല്യകാല സഖി. പിന്നീട് തിരിച്ചറിവിന്‍റെ കാലമായപ്പോഴേക്കും നടന്ന് പോയവള്‍.

സ്കൂളില്‍ ചേരും മുമ്പേ അവിടെ എത്തിപ്പെട്ട യോഗമായിരുന്നു എന്‍റേത്. അധ്യാപികയായ അമ്മയ്ക്കൊപ്പം സ്കൂളില്‍ എത്തുമ്പോള്‍ ഏകാന്തത മാത്രമായിരുന്നു കൂട്ടിന്. എന്നാല്‍, ആ എകാന്തതയില്‍ മഴത്തുള്ളിയുടെ ഒച്ചയുണ്ടാക്കാന്‍ സുജയുടെ വരവിന് കഴിഞ്ഞു.

സുജയും ഒരു അധ്യാപികയുടെ ബന്ധുവാണ്. ഇരു നിറത്തില്‍ സാധാരണ കുട്ടികള്‍ക്ക് ഇല്ലാത്ത മൌനവും പേറി നടന്നവള്‍ പതുക്കെ എന്‍റെ കൂട്ടുകാരിയായി മാറി. നിഷ്കളങ്കതയുടെ വര്‍ത്തമാനങ്ങളും അത്ഭുതങ്ങളും പങ്കു വച്ച് ആ സൌഹൃദം മൂന്നാം തരം വരെ മുന്നേറി.

വൈകുന്നേരങ്ങളില്‍ അധ്യാപകരുടെ മീറ്റിംഗ് വേളകളില്‍ ഒറ്റയ്ക്ക് സ്കൂള്‍ പരിസരത്ത് കറങ്ങി നടക്കുമായിരുന്നു. കുട്ടികളുടെ ശബ്ദമൊഴിഞ്ഞ സ്കൂള്‍ പരിസരം ആദ്യമൊക്കെ അറിയാത്ത നൊമ്പരമായിരുന്നു നല്‍കിയിരുന്നത്.

പക്ഷേ കൂട്ടുകാരി എത്തിക്കഴിഞ്ഞപ്പോള്‍ പിന്നെ സ്കൂള്‍ പരിസരം ശ്രദ്ധിക്കേണ്ടി വന്നില്ല, പൂമരച്ചോട്ടില്‍ ഉച്ചയ്ക്ക് നിര്‍ത്തി വച്ച കളികളുടെ ആവര്‍ത്തനവും ക്ലാസ് വിശേഷങ്ങളും എല്ലാം ചേര്‍ത്ത് ഒരു ‘എക്സ്ട്രാ അവര്‍’ ആസ്വദിക്കുകയായിരുന്നു.

ഒരു അധ്യാപകന് മകന്‍ പിറന്നതിനായിരുന്നു ഒരു ദിവസം മീറ്റിംഗ് നടത്തിയത്. അന്ന് ടീ പാര്‍ട്ടിയുമുണ്ടായിരുന്നു. ജന്‍‌മനാ ദുരഭിമാ‍നിയായ ഞാന്‍ അമ്മ വിളിച്ചിട്ടും പാര്‍ട്ടിക്ക് പോയില്ല. അന്ന് മീറ്റിംഗില്‍ പെട്ടു പോയ സുജ അവസരം ഒത്തു വന്നപ്പോല്‍ വെളിയില്‍ ചാടി, കൈയ്യില്‍ എനിക്കു തരാന്‍ സൂക്ഷിച്ച ഒരു കഷണം റൊട്ടിയും കുറെ റൊട്ടി പൊടിയും !

സത്യം! ആര് നിര്‍ബന്ധിച്ചാലും റൊട്ടിയോട് ആഭിമുഖ്യം കാണിക്കാത്ത എനിക്ക് ആ റൊട്ടിപ്പൊടിക്ക് തോന്നിയ രുചി വിവരിക്കാനാവില്ല. അതു പോലെ തന്നെ 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നില്‍ വച്ച് യാത്രപറയാതെ നീലഗിരിയിലേക്ക് സ്ഥലം മാറിപ്പോയ കൂട്ടുകാരി ഇന്നും ഓര്‍മ്മകളിലുണ്ട്. (വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ പറഞ്ഞാണ് സുജ നീലഗിരിയിലേക്കാണ് പോയതെന്ന് അറിയുന്നത്)

കാലം എല്ലാവരിലും മാറ്റം വരുത്താം. പക്ഷേ ബാല്യകാല സൌഹൃദങ്ങള്‍, കൊടുക്കലും വാങ്ങലും പ്രതീക്ഷകളുമില്ലാത്ത സൌഭാഗ്യങ്ങളല്ലേ. ഈ സൌഹൃദ ദിനത്തില്‍ കൂട്ടുകാരീ നീ നല്‍കിയ നിഷ്കളങ്കതയുടെ വളപ്പൊട്ടുകള്‍ ഞാന്‍ വീണ്ടും നോക്കി കാണട്ടെ! ആ സൌഹൃദത്തിന്‍റെ തുള്ളികള്‍ പെയ്ത് പോയെങ്കിലും അവയുണ്ടാക്കിയ ശബ്ദം ഞാന്‍ വീണ്ടും കേള്‍ക്കട്ടെ!

വെബ്ദുനിയ വായിക്കുക