സൌഹൃദത്തെ കുറിച്ച്...

FILEFILE
മനുഷ്യന്‍ സാമൂഹിക ജീവിയാണ്. ഒറ്റയ്ക്കുള്ള ജീവിതം സാധ്യമല്ലാത്ത ഒരു ജീവി. മനുഷ്യന് കൂട്ടമായി മാത്രമേ ജീവിക്കാനാവൂ. അത് കുടുംബമാവാം, അയല്‍ പക്കമാവാം, ചുറ്റുമുള്ള സമൂഹമാവാം.

കുടുംബത്തിന്‍റെയും രക്തബന്ധത്തിന്‍റേയും അപ്പുറത്തായി മനുഷ്യന്‍ കൊതിക്കുന്ന ബന്ധമാണ് സൌഹൃദം. പലപ്പോഴും പല ആളുകള്‍ തമ്മിലും ഉറ്റ ചങ്ങാത്തം ഉണ്ടാവാം. ഈ ചങ്ങാത്തത്തിന്‍റെ രസതന്ത്രം പലതാവാം. എങ്കിലും സൌഹൃദം മനുഷരുടെ ഇടയില്‍ നിലനില്‍ക്കുന്ന ദിവ്യമായൊരു ബന്ധമാണ്, അനുഭവമാണ്.

ഒരാളുടെ ജീവിതത്തില്‍ സൌഹൃദം ചെലുത്തുന്ന സ്വാധീനം അപരിമയമാണ്. അതിന്‍റെ ആഴങ്ങള്‍ പലപ്പോഴും കാണാനാവില്ല. വിലയിരുത്താനാവില്ല. യുക്തികള്‍ക്കപ്പുറമുള്ള എന്തൊക്കെയോ അടുപ്പം രണ്ട് ശരീരങ്ങളെ ഏതാണ്ടൊരു ആത്മാവു പോലെ നിലനിര്‍ത്തുന്നു. ഇത്തരം തിരിച്ചറിവുകളാണ് സൌഹൃദ ദിനം ആചരിക്കാനായി മനുഷ്യന് പ്രേരണ നല്‍കുന്നത്.

ലോക ദിനാചരണങ്ങളെല്ലാം അന്തര്‍ദ്ദേശീയ തലത്തിലുള്ള ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. അല്ലെങ്കില്‍ ഏറ്റവും സ്വാധീനമുള്ള ഒരു രാജ്യത്തിന്‍റെ ചുവടുപിടിച്ചാണ്.

ഓഗസ്റ്റിലെ ആദ്യത്തെ ഞായറാഴ്ചയാണ് ലോക സൌഹൃദ ദിനമായി എല്ലാ കൊല്ലവും ആചരിക്കുന്നത്. 1935 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നടത്തിയ പ്രഖ്യാപനമാണ് ഈ ദിവസം സൌഹൃദ ദിനമായി മാറാന്‍ കാരണം. പിന്നീട് അന്തര്‍ദ്ദേശീയ സമൂഹം അത് അതേപടി സ്വീകരിക്കുകയായിരുന്നു.

പരമ്പരാഗതമായ രീതിയിലുള്ള സൌഹൃദ ദിനാചരണത്തില്‍ ആളുകള്‍ ചങ്ങാതിമാരെ ചെന്നു കാണുകയും പൂക്കളും സമ്മാനങ്ങളും കൈമാറുകയും ചെയ്യുമായിരുന്നു. ഇന്ന് പല സാമൂഹിക സംഘടനകളും സൌഹൃദങ്ങളുടെ വലിയ കൂട്ടായ്മ സംഘടിപ്പിക്കാറുണ്ട്.
ഒരേ ജോലീയിലിരുന്നവര്‍, ഒരേ ക്ലാസില്‍ പഠിച്ചവര്‍, വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് താമസിച്ചവര്‍ എന്നിവരെല്ലാം ജീവിതത്തില്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ സൌഹൃദം പുതുക്കുന്ന കൂട്ടായ്മകളുടെ ഭാഗമാവാറുണ്ട്.

ഓഗസ്റ്റിലെ ആദ്യ ഞായറാണ് സൌഹൃദ ദിനമെങ്കിലും ചില സംഘടനകള്‍ മറ്റ് ചില അവസരങ്ങളിലും മറ്റ് ചില ആചാരങ്ങളോടു കൂടിയാണ് സൌഹൃദ ദിനം ആചരിക്കാറുള്ളത്. ഉദാഹരണത്തിന്,

* പഴയ സുഹൃത്തുക്കള്‍ - പുതിയ സുഹൃത്തുക്കള്‍ വാരം മേയിലെ മൂന്നാമത്തെ ആഴ്ചയാണ്.
* അന്തര്‍ദ്ദേശീയ സൌഹൃദ മാസമാവട്ടെ ഫെബ്രുവരിയാണ്.
* വനിതാ സൌഹൃദ ദിനം സപ്റ്റംബറിലെ മൂന്നാമത്തെ ഞായറാഴ്ചയും.

വെബ്ദുനിയ വായിക്കുക