അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍; കൊച്ചിയുടെ ഒരുക്കത്തില്‍ ഫിഫയ്ക്ക് തൃപ്‌തി

വെള്ളി, 11 ഡിസം‌ബര്‍ 2015 (09:37 IST)
പതിനേഴ് വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഒരുക്കത്തില്‍ ഫിഫയ്ക്ക് തൃപ്‌തി. വ്യാഴാഴ്ച കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു വിലയിരുത്തല്‍. 
 
ടൂര്‍ണമെന്‍റ് ഡയറക്ടര്‍ സെവിയര്‍ സെപ്പി, പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ യോഗം സംതൃപ്തി അറിയിച്ചു. 
2017 ജനുവരിയോടെ എല്ലാ നിര്‍മ്മാണങ്ങളും പൂര്‍ത്തിയാക്കി സ്റ്റേഡിയം ഫിഫക്ക് വിട്ടുകൊടുക്കാന്‍  അവലോകനയോഗത്തില്‍ ധാരണയായി. അണ്ടര്‍ 17 ലോകകപ്പ് നോഡല്‍ ഓഫിസര്‍ എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചതാണ് ഇക്കാര്യം.
 
ഫ്ളഡ്‌ലൈറ്റ്, ടര്‍ഫ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. എന്നാല്‍, ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് അറിയിച്ച സെവിയര്‍ സെപ്പി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫിഫ ഏറ്റെടുക്കുമെന്നും അറിയിച്ചു. ഫിഫയുടെ മേല്‍നോട്ടത്തിലായിരിക്കും പിന്നീടുള്ള ക്രമീകരണങ്ങള്‍.
 
ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, ബെന്നി ബഹനാന്‍ എം എല്‍ എ, കെ എഫ് എ പ്രസിഡന്‍റ് കെ എം ഐ മത്തേര്‍ എന്നിവരും അവലോകനയോഗത്തില്‍ പങ്കെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക