ബയേണ്‍ മ്യൂണിക്കിന് അട്ടിമറി തോല്‍‌വി, സുവാരസിന്റെ കരുത്തില്‍ ബാഴ്‌സലോണ

Webdunia
വ്യാഴം, 16 ഏപ്രില്‍ 2015 (10:32 IST)
യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിലെ ആദ്യപാദ ക്വാട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ പോര്‍ട്ടോ അട്ടിമറിച്ചു. റിക്കാര്‍ഡോ ക്വാരേസ്മയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്കിനെ പോര്‍ട്ടോ തരിപ്പണമാക്കിയത്. ഇതോടെ അടുത്തയാഴ്ച നടക്കുന്ന ബയേണിന്റെ ഹോം മല്‍സരം നിര്‍ണായകമായി.

ഹോം ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ബയേണ്‍ മ്യൂണിക്കിനെ ഞെട്ടിക്കാന്‍ പോര്‍ട്ടോയ്ക്ക് സാധിച്ചു. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ തകര്‍പ്പന്‍ ഗോളിലൂടെ പോര്‍ട്ടോ താരം റിക്കാര്‍ഡോ ക്വാരേസ്മ മ്യൂണിക്കിനെ ഞെട്ടിച്ചു. പത്താം മിനിറ്റില്‍ രണ്ടാം ഗോളും ക്വാരേസ്മ നേടിയതോടെ ബയേണ്‍ മ്യൂണിക് പ്രതിരോധത്തിലായി. പിന്നീട് ഉണര്‍ന്ന് കളിച്ച മ്യൂണിക് ഇരുപത്തിയെട്ടാം മിനിറ്റില്‍ തിയേഗോ അലസാന്തരയിലൂടെ മറുപടി ഗോള്‍ നേടി.  പക്ഷേ അറുപത്തിയഞ്ചാം മിനിറ്റില്‍ ജാക്സണ്‍ മാര്‍ട്ടിനേസിലൂടെ പോര്‍ട്ടോ അവരുടെ മൂന്നാം ഗോളും നേടി ജയം ആധികാരികമാക്കി.

മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പാരിസ് സെന്റ് ജര്‍മനെ പരാജയപ്പെടുത്തി. ലൂയിസ് സുവാരസ് കളം നിറഞ്ഞ് കളിച്ചപ്പോള്‍ ജര്‍മന്‍ പ്രതിരോധം തകരുകയായിരുന്നു. പതിനെട്ടാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍ നേടിയതോടെ ബാഴ്‌സ കളിയുടെ ആധ്യപത്യം പിടിച്ചെടുത്തു.  പിന്നീട് രണ്ടാം പകുതിയിലെ 67-മത് മിനിറ്റിലും 79-മത് മിനിറ്റിലും സുവാരസ് ലക്ഷ്യം കണ്ടതോടെ ജയവുമായി ബാഴ്‌സ കളം വിട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.