കിരീടനേട്ടങ്ങൾ സമ്മാനിക്കുന്ന മാലാഖ, ഇത് ദൈവസ്പർശം വാർത്തകളിൽ വീണ്ടും ഡി മരിയ

വ്യാഴം, 2 ജൂണ്‍ 2022 (12:57 IST)
ഫുട്‍ബോൾ ലോകത്ത് ഏറെ ആരാധകരുണ്ടെങ്കിലും 20 വർഷത്തിന് മുകളിൽ പറയാവുന്ന രാജ്യാന്തര കിരീടനേട്ടങ്ങൾ അന്യം നിന്ന ടീമാണ് അർജന്റീന. ലോകോത്തര താരമായ ലയണൽ മെസിയുടെ വരവിന് പിന്നാലെ അർജന്റീനയുടെ ആരാധകപിന്തുണ ഒരുപാട് ഉയർന്നുവെങ്കിലും കിരീടവിജയങ്ങൾ അപ്പോഴും അന്യം നിന്നു.
 
എന്നാൽ 2021ലെ കോപ്പ അമേരിക്ക കിരീടത്തിലൂടെ ഫുട്‍ബോൾ ലോകത്തുനിന്നും തങ്ങളെ എഴുതിത്തള്ളാനാവില്ല എന്ന് മെസ്സിയുടെ കുട്ടികൾ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യപകുതിയിൽ എയ്ഞ്ചൽ ഡിമരിയ നേടിയ ഗോളിനായിരുന്നു അന്ന് അർജന്റീന കിരീടമുയർത്തിയത്. ഇതിന് മുൻപ് കൃത്യമായി പറയുകയാണെങ്കിൽ 2008 ഒളിമ്പിക്സിലായിരുന്നു അർജന്റീനയുടെ മറ്റൊരു സുപ്രധാനവിജയം അന്നും അർജന്റീനയ്ക്കായി ഗോൾ നേടാൻ ഡിമരിയയ്ക്കായി.
 
ഇന്നലെ യൂറോപപ്പിലെ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ രാജാക്കന്മാരും തമ്മിൽ ഫൈനലൈസിമയിൽ ഏറ്റുമുട്ടിയപ്പോഴും ഡിമരിയയുടെ ബൂട്ടുകൾ ശബ്ദിച്ചു. മത്സരത്തിലുടനീളം മികച്ച കളി കാഴ്ചവെച്ചെങ്കിലും മെസിക്ക് മത്സരത്തിൽ ഗോൾ കണ്ടെത്താനായില്ല. എന്നാൽ അർജന്റീനയുടെ നേട്ടങ്ങളിൽ എന്നും ഗോളുകൾ കൊണ്ട് തിലകക്കുറി ചാർത്തുന്ന ഡിമരിയയ്ക്ക് ഇന്നലെയും പിഴച്ചില്ല. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഇറ്റലിയെ തോൽപ്പിച്ച് അർജന്റീന ഫൈനലിസിമ കിരീടം ഉയർത്തുമ്പോൾ അതിൽ പതിവ് പോലെ മാലാഖയുടെ കൈയൊപ്പും പതിഞ്ഞിരുന്നു. ലാതുറോ മാര്‍ട്ടിനെസ്,പൗലോ ഡിബാല എന്നിവരാണ് മാറ്റ് ഗോൾവേട്ടക്കാർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍