ലാ ലീഗയില്‍ ആറായിരം ഗോള്‍ നേടുന്ന രണ്ടാമത്തെ ടീം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ബാഴ്‌സലോണ. ഞായറാഴ്ച അലവേസിനെതിരെ നടന്ന മത്സരത്തില്‍ സൂപ്പർ താരം ലയണല്‍ മെസ്സി 64ആം മിനിറ്റിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെയാണ് ലാലീഗയിൽ ബാഴ്സലോണ 6000 ഗോൾ തികച്ചത്.
പത്ത് വർഷങ്ങൾക്ക് മുന്‍പ് ബാഴ്‌സലോണ 5000 ഗോള്‍ തികച്ചപ്പോഴും ചരിത്ര ഗോള്‍ നേടിയത് മെസ്സി തന്നെയായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് പുതിയ നേട്ടത്തിന്. 2801ആമത്തെ മത്സരത്തിലാണ് ബാഴ്സലോണയുടെ ചരിത്ര ഗോൾ പിറന്നത്.
ലാ ലിഗയിൽ ആറായിരം ഗോളുകൾ തികച്ച ആദ്യ ടീം റയൽ മാഡ്രിഡാണ് 2800 മത്സരങ്ങളിൽനിന്നുമായി 6041ഗോളുകളാണ് റയൽ മാഡ്രിഡ് സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. ചരിത്ര മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അലവേസിനെ ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നു.