ക്രിസ്‌റ്റ്യാനോ ‘ബെഞ്ചിലിരുന്നു’; നഷ്‌ടം 23,000 രൂപ, പിന്നാലെ മെസിക്ക് ജയ് വിളി - ആരാധകര്‍ കോടതിയിലേക്ക്

ചൊവ്വ, 30 ജൂലൈ 2019 (13:29 IST)
സൂപ്പര്‍‌താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ കളിപ്പിക്കാതിരുന്ന സംഭവത്തില്‍ നിരാശരായ ആരാധകര്‍ നഷ്‌ടപരിഹാരത്തിനായി കോടതിയിലേക്ക്. കഴിഞ്ഞ വെള്ളിയാഴ്‌ച ദക്ഷിണ കൊറിയയില്‍ യുവന്റസും കൊറിയന്‍ കെ ലീഗിലെ കളിക്കാര്‍ അടങ്ങുന്ന ഓള്‍ സ്റ്റാര്‍ ടീമും തമ്മില്‍ നടന്ന സൗഹൃദമത്സരത്തെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായത്.

ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ കളിക്കുമെന്ന് സംഘാടകര്‍ അറിയിച്ചതോടെ 65,000 ഫുട്ബോൾ ആരാധകരാണ് ടിക്കറ്റ് എടുത്തത്. സൂപ്പര്‍ താരം പന്ത് തട്ടുന്നത് കാ‍ണാന്‍ പലരും കരിംചന്തയില്‍ നിന്നും ടിക്കറ്റ് വാങ്ങി. 1700 മുതല്‍ 23,000 രൂപ വരെ മുടക്കിയവരും കൂട്ടത്തിലുണ്ട്.

ആദ്യ പകുതിയില്‍ ക്രിസ്‌റ്റ്യാനോ ഇറങ്ങാതിരുന്നതോടെ രണ്ടാം പകുതിയില്‍ താരം ഇറങ്ങുമെന്ന് സംഘാടകര്‍ അനൗണ്‍സ് ചെയ്‌തു. എന്നാൽ, രണ്ടാം പകുതിയിലും റൊണാള്‍ഡോ കളത്തിലിറങ്ങിയില്ല. ഇതോടെ ക്ഷമ നശിച്ച  ആരാധകര്‍ ബാഴ്‌സ താരം ലയണല്‍ മെസിയുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു.

ആരാധകര്‍ കോടതിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ ടിക്കറ്റെടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള വഴി ആലോചിക്കുകയാണ് സംഘാടകര്‍. സംഭവത്തില്‍, യുവന്റസ് വൈസ് ചെയര്‍മാന്‍ പവേല്‍ നെദ്വെദും ആരാധകരെ കൈവിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍