പ്രതീക്ഷകള്‍ വീണുടുഞ്ഞ് ബാഴ്‌സ; ലാലിഗ കിരീട നേട്ടത്തില്‍ റയല്‍ മാഡ്രിഡ്

തിങ്കള്‍, 22 മെയ് 2017 (09:07 IST)
ലാലിഗയില്‍ നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റയല്‍ മാഡ്രിഡിന് കിരീടം. അവസാനം വരെ ആകാംക്ഷ നിറഞ്ഞ മത്സരത്തില്‍ മലാഗയെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് റയല്‍ കിരീടം ചൂടിയത്. അതെസമയം അവസാന മത്സരം വരെ റയലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ബാഴ്‌സലോണ ഐബറിനെ 4-2ന് തോല്‍പിച്ചെങ്കിലും മൂന്ന് പോയന്റ് പിറകില്‍ കളിയവസാനിപ്പിക്കുകയായിരുന്നു.
 
38 കളികളില്‍ നിന്നായി 29 ജയവും ആറ് സമനിലയും മൂന്ന് തോല്‍വിയുമടക്കം 93 പോയന്റ് നേടിയാണ് റയല്‍ മഡ്രിഡ് മധുര കിരീടം നേടിയത്. മലാഗക്കെതിരെ രണ്ടാം മിനിറ്റില്‍തന്നെ അവരുടെ വലകുലുക്കാല്‍ റയല്‍ മഡ്രിഡിന് കഴിഞ്ഞു. ഇസ്‌കോയുടെ പാസില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയായിരുന്നു റയലിനായി ആദ്യ ഗോള്‍ നേടിയത്. 
 
രണ്ടാം പകുതിയില്‍ 55ാം മിനിറ്റില്‍ കരീം ബെന്‍സേമ നേടിയ ഗോളോടെ റയലിന്റെ വിജയം ഉറപ്പാകുകയായിരുന്നു. എന്നാല്‍ മറുവശത്ത് ഐബറിനെതിരെ മത്സരിച്ച ബാഴ്‌സ തോല്‍വിയില്‍നിന്ന് തിരിച്ചുവരുകയായിരുന്നു. രണ്ടു ഗോളുകള്‍ക്ക് പിന്നിലായ ശേഷമാണ് ബാഴ്‌സ, മെസ്സി-സുവാരസ് എന്നിവരിലൂടെ തിരിച്ചടിച്ചത്.

വെബ്ദുനിയ വായിക്കുക