പരിക്ക് ഗുരുതരം, എട്ടുമാസത്തോളം വിശ്രമം, നെയ്മർ ഇന്ത്യയിലേക്കില്ല

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (18:23 IST)
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ കളി നേരില്‍ കാണാന്‍ കാത്തിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്ത. ഇന്നലെ ഉറുഗ്വെയ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിനിടെ ഇടതുകാലിലെ ലിഗ്മെന്റിന് പരിക്കേറ്റ നെയ്മര്‍ക്ക് എട്ടുമാസത്തോളം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയത്.
 
ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതോടെ അടുത്തവര്‍ഷത്തെ കോപ്പ അമേരിക്കയ്ക്ക് മുന്‍പ് മാത്രമെ താരത്തിന് ഗ്രൗണ്ടില്‍ തിരിച്ചെത്താനാകു. ഇതോടെ അടുത്ത മാസം ആറിന് നവി മുംബൈ ഡീ വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ സിറ്റി എഫ് സി അല്‍ ഹിലാല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിനായി നെയ്മര്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് ഉറപ്പായി. യുറുഗ്വയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിക്ക് തൊട്ടുമുന്‍പാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. കാല്‍ നിലത്ത് ഊന്നാന്‍ പോലും സാധിക്കാതിരുന്ന താരത്തെ സഹതാരങ്ങളാണ് ഡഗ് ഔട്ടിലെത്തിച്ചത്. മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. നെയ്മറിന്റെ പരിക്ക് ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്കും സൗദി പ്രോ ലീഗ് ടീമായ അല്‍ ഹിലാലിനും കനത്ത തിരിച്ചടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article