അവന് പേഴ്സണാലിറ്റി ഇല്ല, അന്ന് മറഡോണ മെസ്സിയെ പറ്റി പറഞ്ഞ വാക്കുകൾ: മറഡോണ തെറ്റാണെന്ന് മെസ്സി തെളിയിച്ച ലോകകപ്പ്

ഞായര്‍, 18 ഡിസം‌ബര്‍ 2022 (10:05 IST)
ഫുട്ബോൾ ചരിത്രത്തിലെ നിഷേധി, വിപ്ലവകാരി എന്നീ വിളിപേരുകൾ സ്വന്തമായുണ്ടായിരുന്ന ഫുട്ബോളിലെ ഒരേയൊരു ഇതിഹാസമായിരുന്നു അർജൻ്റീനയുടെ ഡീഗോ മറഡോണ. നിരന്തരം എതിരാളികളോട് നേർക്ക് നേർ നിന്ന് പോരാടിയ മറഡോണ അർജൻ്റൈൻ ആണത്തത്തിൻ്റെ ആഘോഷമായ പതിപ്പായിരുന്നു. അതിനാൽ തന്നെ സ്പെയിനിൽ കളിച്ചുവളർന്ന ജീനിയസ് എന്ന് ചെറുപ്പത്തിൽ തന്നെ വിശേഷണം നേടിയ മെസ്സിയെ പെട്ടെന്ന് സ്വീകരിക്കാൻ അർജൻ്റൈൻ മനസിന് സാധിച്ചിരുന്നില്ല.
 
അവരുടെ കളിയാരാധനയിൽ കണ്ടിരുന്ന ഒരു നായകന് വേണ്ട യാതൊന്നും മെസ്സിയിൽ ഉണ്ടായിരുന്നില്ല. ശാന്തനായ ഒരു സെൻ ഗുരുവിനെ പോലെ കളിയെ ഉപാസിക്കുന്ന മെസ്സിയെ പറ്റി മറഡോണ പെലെയോട് പറയുന്നത് ഇപ്രകാരമാണ്. മികച്ച കളിക്കാരനാണ് അയാൾ. എന്നാൽ പേഴ്സണാലിറ്റി ഇല്ല. നായകത്വശേഷിയില്ല. വീണ്ടുമൊരു ഫൈനലിന് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിക്കാൻ പോകുമ്പോൾ മറഡോണയുടെ ആ വാക്കുകളെല്ലാം തെറ്റാണെന്ന് തെളിയിക്കുകയാണ് മെസ്സിയുടെ പുതിയ പതിപ്പ്.
 
യാതൊരു തർക്കത്തിനും പോകാത്ത കളിക്കളത്തിൽ ശാന്തനായ മെസ്സിയെയാണ് ആരാധകർ കണ്ടുശീലിച്ചിരുന്നെങ്കിൽ അതിൽ നിന്നെല്ലാം മാറികൊണ്ടുള്ള മെസ്സിയെയാണ് സമീപകാലത്തായി കാണുന്നത്. ഹോളണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ ലോകം ഇന്ന് വരെ കണ്ട് ശീലിക്കാത്ത മെസ്സിയെയാണ് കാണാനായത്. 1986ലെ മറഡോണയെ ഓർമിപ്പിക്കുന്നത് പോലെ ടീമിനെ സ്വന്തം ചുമലിൽ കൊണ്ടുപോകാൻ കെൽപ്പുള്ള താരം. ടീമിൻ്റെ നേട്ടത്തിനായി എന്ത് തർക്കത്തിനും പോകുകയും കളിക്കളത്തിൽ ശത്രുക്കൾക്ക് മറുപടി നൽകുകയും ചെയ്യുന്ന താരം.
 
തൻ്റെ അവസാന ലോകകപ്പെന്ന ബോധ്യത്തിൽ താൻ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന തിരിച്ചറിവിൽ മെസ്സി പന്ത് തട്ടുമ്പോൾ ലോകം ആ കാലുകൾക്ക് ചുറ്റുമാണ് കറങ്ങുന്നതെന്ന് തോന്നിയാൽ അതിശയോക്തിയാകില്ല. കൂടെ ടീമിനെ മുന്നിൽ നിന്നും നയിക്കുന്ന ലീഡർഷിപ്പ് ക്വാളിറ്റി കൂടി ചേരുമ്പോൾ ലിയോ ലോകകപ്പിലെ ഏറ്റവും അപകടകാരിയായ താരമായി മാറുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍