കഴിഞ്ഞ ദിവസം ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലയണല്‍ മെസ്സി തന്നെയാണ് നേട്ടം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ട്രെബിള്‍ നേട്ടം സ്വന്തമാക്കിയ എര്‍ലിങ്ങ് ഹാലന്‍ഡ് രണ്ടാമതെത്തിയപ്പോള്‍ ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ താരമായ കിലിയന്‍ എംബാപ്പെയാണ് മൂന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തവണ ഫിഫ ലോകകപ്പ് നേട്ടം മെസ്സിയുടെ പേരിലുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം പുരസ്‌കാരത്തിന് പരിഗണിക്കാന്‍ തക്ക യാതൊന്നും ചെയ്തിട്ടില്ലെന്നാണ് മെസ്സിയുടെ നേട്ടത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്.
കഴിഞ്ഞ ഫിഫ ബെസ്റ്റ് പുരസ്‌കാരം മുതല്‍ ഇതുവരെയായി മെസ്സി ആകെ നേടിയത് ഒരു ഫ്രഞ്ച് ലെഗ് കിരീടവും അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിക്കൊപ്പമുള്ള ഒരു കിരീടനേട്ടവുമാണ്. എന്നാല്‍ ഈ ഇടവേളയില്‍ ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും എഫ് എ കപ്പും സ്വന്തമാക്കി ട്രെബിള്‍ നേട്ടം കൈവരിച സിറ്റി താരം എര്‍ലിങ് ഹാലന്‍ഡ് മെസ്സിക്ക് പിന്നിലായി. ഇതോടെയാണ് ഫിഫ പുരസ്‌കാരങ്ങള്‍ യാതൊരു മാനദണ്ഡങ്ങളും നോക്കാതെയാണ് മെസ്സിക്ക് നല്‍കിയിരിക്കുന്നതെന്ന് വിമര്‍ശനം ശക്തമായിരിക്കുന്നത്.
അതേസമയം എല്ലാവര്‍ഷത്തെയും പോലെ വോട്ടെടുപ്പിലൂടെയാണ് ഈ വര്‍ഷവും പുരസ്‌കാരങ്ങള്‍ നല്‍കിയത്. അതിനാല്‍ തന്നെ പുരസ്‌കാരത്തില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് മെസ്സിയെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കുന്നു. ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനായുള്ള ചടങ്ങില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയ ഒരു താരവും എത്തിയിരുന്നില്ല. മെസ്സിയുടെ അസ്സാന്നിധ്യത്തില്‍ തിയറി ഹെന്റിയാണ് മെസ്സിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയത്.