പെനാല്‍റ്റിയെടുക്കുന്നില്ലേ എന്ന് നെയ്മര്‍, ഞാനൊരു ഗോള്‍ അടിച്ചതാണെന്ന് മെസി; സൗഹൃദത്തിനു കൈയടിച്ച് സോഷ്യല്‍ മീഡിയ

വെള്ളി, 20 ജനുവരി 2023 (09:18 IST)
രാജ്യാന്തര ടീമില്‍ ചിരവൈരികളാണ് ലയണല്‍ മെസിയുടെ അര്‍ജന്റീനയും നെയ്മര്‍ ജൂനിയറിന്റെ ബ്രസീലും. എന്നാല്‍ കളിക്കളത്തില്‍ ആണെങ്കിലും പുറത്താണെങ്കിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ക്ലബ് ഫുട്‌ബോളില്‍ ഇരുവരും പി.എസ്.ജിക്ക് വേണ്ടിയാണ് കളിക്കുന്നത്. പി.എസ്.ജിയില്‍ ഇരുവരുടെയും കോംബിനേഷന്‍ ഏറെ ശ്രദ്ധേയമാണ്. റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനെതിരായ മത്സരത്തില്‍ പി.എസ്.ജിക്ക് വേണ്ടി മെസിയും നെയ്മറും കളത്തിലിറങ്ങിയിരുന്നു. മത്സരത്തിനിടെ ഇരുവരും സൗഹൃദം പങ്കുവെച്ച കാഴ്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിച്ച റിയാദ് ഇലവനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പി.എസ്.ജി തോല്‍പ്പിച്ചത്. പി.എസ്.ജിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത് മെസിയാണ്. ആദ്യ പകുതിയില്‍ പെനാല്‍റ്റി ബോക്‌സിനുള്ളിലെ ഫൗളിന് പി.എസ്.ജിക്ക് ഒരു പെനാല്‍റ്റി കിട്ടിയിരുന്നു. ഈ സമയത്ത് മത്സരം 1-1 എന്ന നിലയിലായിരുന്നു. നെയ്മറെ ഫൗള്‍ ചെയ്തതിനാണ് റിയാദ് ഇലവന്‍ പെനാല്‍റ്റി വഴങ്ങിയത്. 
 
ഈ പെനാല്‍റ്റി കിക്ക് എടുക്കാന്‍ നെയ്മര്‍ ആദ്യം ചോദിച്ചത് മെസിയോടാണ്. മെസി എടുക്കുന്നില്ലെങ്കില്‍ മാത്രം താന്‍ എടുക്കും എന്ന നിലപാടായിരുന്നു നെയ്മറിന്. എന്നാല്‍ ആ പെനാല്‍റ്റി അവസരം മെസി വേണ്ടെന്നു വയ്ക്കുകയാണ്. താന്‍ ഒരു ഗോള്‍ നേടി കഴിഞ്ഞെന്നും നെയ്മറിന് ഗോള്‍ നേടാനുള്ള അവസരമാണ് ഈ പെനാല്‍റ്റിയെന്നും മനസ്സിലാക്കിയ മെസി ആ കിക്ക് നെയ്മറിനോട് എടുക്കാന്‍ ആവശ്യപ്പെട്ടു. നിര്‍ഭാഗ്യമെന്നവണ്ണം നെയ്മര്‍ എടുത്ത കിക്ക് റിയാദ് ഇലവന്‍ ഗോള്‍ കീപ്പര്‍ സേവ് ചെയ്തു. മത്സരത്തില്‍ ഗോള്‍ നേടാന്‍ നെയ്മര്‍ക്ക് സാധിച്ചതുമില്ല. അതേസമയം, മെസിയുടെ ഗോള്‍ പിറന്നത് നെയ്മറുടെ അസിസ്റ്റില്‍ നിന്നാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍