ഒടുവില്‍ അര്‍ജന്റീനയ്‌ക്ക് ജയം; കരുത്തോടെ കാനറികള്‍ തിരിച്ചെത്തി
ബുധന്‍, 18 നവംബര്‍ 2015 (09:25 IST)
ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം. അര്‍ജന്റീന കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചപ്പോള്‍ ബ്രസീല്‍ പെറുവിനെ മടക്കമില്ലാത്ത മൂന്ന് ഗോളിനു തകര്‍ത്തു. ആവേശകരമായ ഇരു മത്സരത്തിലും സൂപ്പര്‍ താരങ്ങളുടെ വിട്ടു നില്‍ക്കല്‍ കളിയുടെ മാറ്റ് കുറച്ചു.
ലയണല്‍ മെസിയും അഗ്യൂറോയും ടെവസുമില്ലാതെ ഇറങ്ങിയ അര്‍ജന്റീന തുടക്കത്തില്‍ തന്നെ ഗോള്‍ കണ്ടെത്തി. ഇരുപതാം മിനിറ്റില്‍ ലവേസി നല്‍കിയ ക്രോസ് ബിഗ്ലിയ ഗോളാക്കി മാറ്റുകയായിരുന്നു. ഈ ജയത്തോടെ നാലു മത്സരങ്ങളില്‍ അഞ്ച് പോയന്റായിരിക്കുകയാണ് അര്‍ജന്റീനയ്ക്ക്.
പെറുവിനെതിരെ ബ്രസീല്‍ തങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന കളിയായിരുന്നു പുറത്തെടുത്തത്. ഇരുപത്തിരണ്ടാം മിനിറ്റില്‍
ഡഗ്ലസ് കോസ്റ്റയിലൂടെയാണ് ബ്രസീല്‍ ലീഡ് നേടിയത്. പിന്നീട് രണ്ടാം പകുതിയില്‍ റെനറ്റോ അഗസ്‌റ്റോയും ഫലിപ്പെ ലൂയിസും ഗോള്‍ നേടുകയായിരുന്നു. ജയത്തോടെ ബ്രസീലിന് നാലു കളികളില്‍ നിന്ന് ഏഴ് പോയിന്റായി. നാലു കളികളില്‍ രണ്ടാം ജയം സ്വന്തമാക്കിയ അവര്‍ ഇക്വഡോറിനും യുറുഗ്വായ്ക്കും പിറകില്‍ മൂന്നാമതാണ്.
ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചാണ് ഇക്വഡോര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് യുറുഗ്വായ് രണ്ടാം സ്ഥാനത്തെത്തിയത്. ബൊളീവിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച പാരഗ്വായ് ആണ് ബ്രസീലിന് പിറകില്‍ നാലാം സ്ഥാനത്ത്.