ലണ്ടൻ: ഇരുപത്തിരണ്ടുകാരനായ മാർക്കസ് റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരൻ എന്ന നിലയിൽ ലോകമെങ്ങും ആരാധകരുള്ള താരമാണ്. നിലവിലെ യുവതാരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന പ്രതിഭ ഇപ്പോൾ കളിക്കളത്തിൽ മാത്രമല്ല അതിന് വെളിയിലും താരമായിരിക്കുകയാണ്. തന്റെ കളികളിലൂടെ ടീമിനാണ് റാഷ്‌ഫോർഡ് വിജയങ്ങൾ സമ്മാനിക്കാറുള്ളതെങ്കിൽ തന്റെ പോരാട്ടത്തിലൂടെ 13 ലക്ഷം കുട്ടികൾക്കാണ് മാഞ്ചസ്റ്റർ താരം ഭക്ഷണം ഉറപ്പുവരുത്തിയത്.
നേരത്തെ വേനൽ അവധിക്കാലത്ത് വിദ്യാർഥികൾക്ക് ഭക്ഷണം നൽകേണ്ടെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനിച്ചിരുന്നു. എന്നാൽ ഗവൺമെന്റിന്റെ പുതിയ നയത്തിനെതിരെ റാഷ്‌ഫോർഡ് രംഗത്തെത്തുകയായിരുന്നു.കുട്ടികൾക്കുള്ള ഭക്ഷണം നിർത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ റാഷ്ഫോർഡ് ഇതിനായി രാജ്യം മുഴുവൻ പ്രതികരിക്കണമെന്നും ട്വീറ്റ് ചെയ്തു. ഓരോ കുട്ടിയുടേയും കുടുംബം അവരുടെ പാർലമെന്റ് അംഗത്തെ മെൻഷൻ ചെയ്‌ത് ഇക്കാര്യം ആവർത്തിക്കണമെന്നും താരം പറഞ്ഞു. പിന്നീട് ഈ സന്ദേശം ഇംഗ്കണ്ട് ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് ഉണ്ടായത്.