മറഞ്ഞത് ഫുട്ബോൾ മാന്ത്രികൻ, മറഡോണയുടെ വിയോഗത്തിൽ ഹൃദയം തകർന്ന് ഫുട്ബോൾ പ്രേമികൾ

ബുധന്‍, 25 നവം‌ബര്‍ 2020 (22:23 IST)
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഹൃദയം തകർത്ത് ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണ യാത്രയായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്നാണ് അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
 
കഴിഞ്ഞ ഒരാഴ്‌ച്ച കാലമായി മറഡോണ വിഷാദത്തിൽ ആയിരുന്നുവെന്നും ഭക്ഷണം കഴിക്കാൻ വരെ തയ്യാറാകുന്നില്ലായിരുന്നുവെന്നും അദ്ദേഹത്തിനോട് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു.
 
ഒക്‌ടോബർ 30ന് തന്റെ ജന്മദിനത്തിൽ താൻ പരിശീലിപ്പിക്കുന്ന അർജന്റീനിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ആയ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നെങ്കിലും ആദ്യ പകുതിക്ക് മുൻപ്‌ തന്നെ മറഡോണ കളിക്കളം വിട്ടിരുന്നു. അർജന്റീനക്കായി 91 മത്സരങ്ങളിൽ നിന്നും 34 ഗോളുകൾ നേടിയ താരം നായകനായി അർജന്റീനക്ക് ലോകകപ്പ് നേടികൊടുത്തിട്ടുള്ള താരമാണ്.
 
 1986 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ദൈവത്തിന്റെ കൈ എന്ന കുപ്രസിദ്ധമായ ഗോളും അതേമത്സരത്തിൽ തന്നെ  നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളെന്ന് വിശേഷിപ്പിക്കുന്ന ഗോളും കൊണ്ട് ഫുട്ബോൾ ലോകത്തെ വിസ്‌മയിപ്പിച്ച വ്യക്തിയാണ്. 2010 ലോകകപ്പിൽ അർജന്റീനൻ കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍