സ്പാനിഷ് ഫുട്ബാള്‍ ലീഗില്‍ കിരീടനേട്ടത്തിലേക്ക് ഏറ്റവും നിര്‍ണായകമായ പോരാട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട റയല്‍ മഡ്രിഡിന് ഗാരത് ബെയ്ല്‍ രക്ഷകനായി. പരിക്കേറ്റ് റൊണാള്‍ഡോ കളിക്കാതിരുന്നപ്പോള്‍ പരിക്ക് മാറിയത്തെിയ ബെയ്ല്‍ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 3-2ന് റയോ വയ്യേകാനോയെ കീഴടക്കിയ റയല്‍ മഡ്രിഡ് ലീഗില്‍ കിരീടപ്രതീക്ഷകള്‍ വര്‍ണാഭമാക്കി.
ഏഴാം മിനിറ്റില്‍ റയലിനെ ഞെട്ടിച്ച് വയ്യേകാനോ ആദ്യഗോള്‍ നേടി. ബെബെയുടെ തകര്‍പ്പന്‍ നീക്കത്തിനൊടുവിലുള്ള ക്രോസില്‍നിന്നായിരുന്നു എംബാര്‍ബയുടെ ക്ളോസ്റേഞ്ച് ഗോള്‍.ലീഡ് വഴങ്ങിയിട്ടും പാഠം പഠിക്കാത്ത റയല്‍ പ്രതിരോധം പതിനാലാം മിനിറ്റില്‍ രണ്ടാം ഗോളും വഴങ്ങി. ഇത്തവണയും ക്ളോസ്റേഞ്ച് ഗോള്‍. കോര്‍ണര്‍ കിക്കില്‍ നിന്നുള്ള പന്ത് റയലിന്റെ വറാനെ തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും തക്കം പാര്‍ത്ത് നിന്ന മിക്കു എന്ന നികളസ് ഫെഡോര്‍ വലയിലാക്കിയതോടെ റയോ ആരാധകര്‍ പൊട്ടിത്തെറിച്ചു.
പരിക്കേറ്റ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലാണ് റയോ വയ്യേകാനോക്കെതിരെ റയല്‍ മഡ്രിഡ് പന്ത് തട്ടിയത്. അതേസമയം, ഗാരത് ബെയ്ല്‍ ടീമില്‍ തിരിച്ചത്തെി. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ബെയ്ല്‍ ഗോളടിച്ചെന്ന് തോന്നിച്ചു. 25 വാര അകലെനിന്നുള്ള ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയി. രണ്ടു ഗോള്‍ വാങ്ങിവെച്ചിട്ടും പതറാതിരുന്ന റയല്‍ മുപ്പത്തിനാലാം മിനിറ്റില്‍ തിരിച്ചടി തുടങ്ങി. ബെയ്ലിന്റെ തകര്‍പ്പന്‍ ഗോള്‍. ഹെഡറിലൂടെയായിരുന്നു വെയ്ല്‍സ് താരത്തിന്റെ ഗോള്‍ പിറന്നത്. ക്രൂസിന്‍ന്റെ കോര്‍ണര്‍ കിക്കാണ് ഗോളിന് കാരണമായത്.
നാല്പത്തിരണ്ടാം മിനിറ്റില്‍ കരീം ബെന്‍സേമക്ക് പകരം റയല്‍ നിരയില്‍ ലുകാസ് വസ്ക്വസ് ഇറങ്ങി. കോച്ച് സിനദിന്‍ സിദാന്റെ തീരുമാനം ശരിവെച്ച് വസ്ക്വസ് റയലിനെ റയോക്ക് ഒപ്പമത്തെിച്ചു. അന്‍പത്തിരണ്ടാം മിനിറ്റിലായിരുന്നു ഡാനിലോയുടെ ക്രോസിന് തലവെച്ച് വസ്ക്വസ് ലക്ഷ്യം കണ്ടത്.കളി തീരാന്‍ ഒമ്പതു മിനിറ്റ് ബാക്കിനില്‍ക്കേയായിരുന്നു ബെയ്ലിന്റെ രണ്ടാം ഗോളും റയലിന്റെ വിജയഗോളും.