മഴവില്ലഴകാണ് മെസിയുടെ ഇടംകാല്‍ ഷോട്ടുകള്‍ക്ക്. എന്നാല്‍, പലര്‍ക്കും അറിയാത്ത ഒരു ഭൂതകാലം ആ കാലുകളുടെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. മെസിക്ക് കുട്ടിക്കാലത്ത് ഗുരുതരമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കാലുകള്‍ക്ക് കരുത്ത് കുറവായിരുന്നു. സാധാരണ മനുഷ്യര്‍ നടക്കുന്നതുപോലെ അടിവെച്ച് നടക്കാന്‍ പോലും മെസിക്ക് കഴിയില്ലെന്ന് തോന്നിയ കാലം. അവിടെ നിന്നാണ് ലോകം ആരാധിക്കുന്ന കാല്‍പന്ത് കളിക്കാരനായി മെസി മാറിയത്.
പത്താം വയസില്‍ ശരീര വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഹോര്‍മോണ്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോര്‍മോണ്‍ ഡെഫിഷ്യന്‍സി എന്ന രോഗം മെസ്സിയെ പിടികൂടി. എന്നാല്‍, ഫുട്‌ബോള്‍ കളിയില്‍ മെസിക്കുള്ള പ്രാവീണ്യം സ്‌പെയിനിലെ വമ്പന്‍ ക്ലബായ ബാഴ്‌സലോണ ശ്രദ്ധിച്ചിരുന്നു. കളിമികവ് കണക്കിലെടുത്താണ് ബാഴ്‌സലോണ മെസിയുമായി കരാര്‍ ഒപ്പിട്ടത്. ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കാമെന്ന് ബാഴ്‌സലോണ വാഗ്ദാനം ചെയ്യുകയായിരുന്നു. മറ്റ് വമ്പന്‍ ക്ലബുകളില്‍ നിന്ന് വലിയ ഓഫറുകള്‍ വന്നിട്ടും മെസി വര്‍ഷങ്ങളോളം ബാഴ്‌സയില്‍ തന്നെ ഉറച്ചുനിന്നത് ഈ ആത്മബന്ധം കാരണമാണ്.