വിനീതിന്റെ ഇരട്ട പ്രഹരത്തിൽ തകർന്നടിഞ്ഞത് വിജയമോഹവുമായെത്തിയ ചെന്നൈയിൻ എഫ്സി

ഞായര്‍, 13 നവം‌ബര്‍ 2016 (11:25 IST)
കൊച്ചിയുടെ മണ്ണിൽ വിജയമോഹവുമായെത്തിയ ചെന്നൈയിൻ എഫ്സിയെ അടിമുടി തകർക്കുകയായിരുന്നു മഞ്ഞപ്പട. തകർപ്പൻ ജയവുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ടിൽ നിന്നും കയറിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന് വിജയം. ആദ്യ പകുതിയിൽ ഒരു ഗോൾ അടിച്ച ചെന്നൈ മുന്നിലായിരുന്നു.
 
പിന്നിൽ നിന്നു പൊരുതി കയറുകയായിരുന്നു രണ്ടാം പകുതിയിൽ. 64ആം മിനുറ്റില്‍ അന്റോണിയോ ജെര്‍മന്റെ പാസില്‍ ദിദിയര്‍ കാര്‍ഡിയാനിലൂടെ കേരളം സമനില ഗോള്‍ നേടി. സമനില പിടിച്ചതിന്റെ ആവേശത്തിൽ ബ്ലാസ്റ്റേഴ്സും തിരിച്ചടിക്കാൻ ചെന്നൈയും ശ്രമിച്ചപ്പോൾ കളി വാശിയേറിയതായി. രണ്ടു പോസ്റ്റിലേക്കും തുടരെ പന്തെത്തി. ബ്ലാസ്റ്റേഴ്സ് കോച്ച് കൊപ്പൽ മുഹമ്മദ് റഫീഖിനെ പിൻവലിച്ച് മലയാളി താരം റിനോ ആന്റോയെ ഇറക്കിയത് കളത്തിലും ഗാലറിയിലും ഊർജം നിറച്ചു. 
 
സി കെ വിനീതിന്റെ ഇരട്ടപ്രഹരം 85, 89 മിനിറ്റുകളിലായിരുന്നു. ആയിരം അമിട്ടുകൾ ഒരുമിച്ചു പൊട്ടിയതുപോലെ. പത്താം മൽസരത്തിലെ ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 15 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കു കയറി. ചെന്നൈയിൻ ഏഴാം സ്ഥാനത്താണ്. ചെന്നൈയിൻ എഫ്സിയുടെ കഥ കഴിച്ചതിന്റെ ആവേശത്തിലായിരുന്നു സ്റ്റേഡിയത്തിലിരുന്ന അരലക്ഷം കാണികൾ. 

വെബ്ദുനിയ വായിക്കുക