സച്ചിന്‍ കാണ്‍കെ ഹോം ഗ്രൌണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റു
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (10:11 IST)
സ്വന്തം കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേര്‍സിന് തോല്‍വി. ഡെല്‍ഹി ഡൈനാമോസിനെതിരെ കൊമ്പന്മാര്‍ പത്തി മടക്കുകയായിരുന്നു. 87മത്തെ മിനിറ്റില്‍ ഗാഡ്‌സെയാണ് റോബോര്‍ട്ടോ കാര്‍ലോസിന്റെ ടീമിന് വിജയ ഗോള്‍ സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സിന് നേരിടേണ്ടി വന്നത്. ഹോം ഗ്രൗണ്ടിലെ ആദ്യത്തേതും.
കളികാണാനെത്തിയ 62013 പേരുടെ ഹൃദയം തകർത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. 5-3-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ടീമിനെയിറക്കിയത് പ്രതിരോധ തന്ത്രമായിരുന്നു ബ്ലാസ്റ്റേര്‍സ് പയറ്റിയത്. വാശിയേറിയെ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. എന്നാല്‍ ഒരു പടി കൂടി മുന്നിട്ട് നിന്നത് ഡൈനാമോസായിരുന്നു. ശക്തമായ പ്രതിരോധം ഒരുക്കി മുന്നേറുന്നതിനാണ് അവര്‍ ശ്രമിച്ചത്. അത്തരം നീക്കങ്ങള്‍ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിക്കുകയും ചെയ്‌തു.
ആദ്യപകുതിയില്‍ വിലയേറിയ മൂന്ന് അവസരങ്ങള്‍ ബ്ലാസ്റ്റേര്‍സ് പാഴാക്കിയിരുന്നു. ഇതോടൊപ്പം കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം പറ്റിയ മദ്ധ്യനിരയിലേയും, മുന്നേറ്റ നിരയിലേയും പിഴവുകള്‍ കൊമ്പന്മാര്‍ അവര്‍ത്തിച്ചു.
രണ്ടാം പകുതിയില്‍ തീര്‍ത്തും നിറം മങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് മികച്ച ഒരു നീക്കവും തന്നെ നടത്തിയില്ല. സമനിലയിലേക്ക് നീങ്ങുവായിരുന്ന മത്സരം തീരാൻ ഏതാനും മിനിട്ടുകൾ മാത്രം അവശേഷിക്കെ ഫ്ലോറന്റ് മലൂദയുടെ അളന്ന് മുറിച്ചുള്ള പാസിൽ തല വച്ചാണ് പകരക്കാരനായി ഇറങ്ങിയ ഗാഡ്സെ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയോടാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.