ടിക്കറ്റിനായി 'കള്ളക്കളി', ഈ സൈറ്റ് സന്ദർശിച്ചവർക്ക് പണി കിട്ടും!

Webdunia
ശനി, 17 ഡിസം‌ബര്‍ 2016 (14:57 IST)
ബുധനാഴ്ച്ച രാത്രി രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചതോടെ ആരാധകർ ഉറപ്പിച്ചു ഫൈനൽ കൊച്ചിയിലെ മണ്ണിൽ നേരിട്ട് പോയി കാണുമെന്ന്. എന്നാൽ, നിമിഷങ്ങൾക്കകമാണ് ടിക്കറ്റ് വിറ്റഴിച്ചത്. അതുവരെ ബ്ലാസ്റ്റേഴ്സിന് ഹരമായി കൂടെ നിന്ന 'കട്ട ഫാൻസുകാർ' പലരും ഔട്ടായി. പകരം വി ഐ പികളും വി വി ഐ പികളുമാണ് കൊച്ചിയിലെ സ്റ്റേഡിയത്തിൽ. ടിക്കറ്റ് തീർന്നത് പലർക്കും അടിയായിരിക്കുകയാണ്.
 
അതോടൊപ്പം, ഫൈനൽ ടിക്കറ്റിന് കരിഞ്ചന്തയിലെ വില പത്തിരട്ടി. isltickets.com എന്ന വ്യാജസൈറ്റില്‍ 300 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 3000 രൂപ വരെയാണ് വില. ടിക്കറ്റ് കിട്ടാന്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം.
വ്യാജ സൈറ്റ് വഴി ടിക്കറ്റ് വിറ്റ രണ്ട് പേരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യില്‍ നിന്നും ടിക്കറ്റുകള്‍ പിടിച്ചെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ബ്ലാക്കില്‍ ടിക്കറ്റ് വിറ്റഴിക്കുന്നവര്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് ചുറ്റുമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തന്നെ പറയുന്നു.
ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ കിട്ടാനില്ലാതെ വന്നപ്പോളാണ് ഇവ കരിഞ്ചന്തയില്‍ പ്രത്യക്ഷപ്പെട്ടത്. ടിക്കറ്റ് ആവശ്യവുമായി രണ്ടായിരത്തോളം കമന്റുകളാണ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ടിക്കറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഐ എസ് എല്‍ അധികൃതരും കെ എഫ് എയും ഒത്തുകളിച്ച് ടിക്കറ്റുകള്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ആരാധകര്‍ പരാതിപ്പെടുന്നുണ്ട്.  മുത്തൂറ്റ് ഫിന്‍കോര്‍പ്, ഫെഡറല്‍ ബാങ്ക്‌സ എന്നിവയുടെ ശാഖകള്‍ വഴി ഫൈനലിന് ടിക്കറ്റ് വില്‍പ്പനയില്ലാതിരുന്നതും സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 55,000 മായി കുറച്ചതും ആരാധകര്‍ക്ക് തിരിച്ചടിയായി.
 
Next Article