ഐഎസ്എല്‍: സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

വെള്ളി, 11 ഡിസം‌ബര്‍ 2015 (10:52 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഇരുപാദങ്ങളിലായാണ് സെമിയില്‍ ടീമുകള്‍ കൊമ്പുകോര്‍ക്കുക. ഇന്ന് നടക്കുന്ന ഒന്നാംപാദ സെമി ഫൈനലില്‍ എഫ്‌സി ഗോവ ഡല്‍ഹി ഡയനാമോസിനെ എതിരിടും. ഡല്‍ഹിയുടെ തട്ടകമായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം.

ഡൽഹി ഡൈനാമോസ്- എഫ്സി ഗോവ മൽസരം രണ്ടു കേളീ ശൈലികളുടെ പോരാട്ടം കൂടിയായി മാറും. സീക്കോ പരിശീലിപ്പിക്കുന്ന ഗോവന്‍ ടീമും റോബർട്ടോ കാർലോസിന്റെ ഡൈനാമോസും വ്യത്യസ്‌തതയുടെ ടീമുകളാണ്. റോബര്‍ട്ടോ കാര്‍ലോസിന്‍റെ പരീശീലന മികവാണ് ഡല്‍ഹിയുടെ കുതിപ്പിന് പിന്നില്‍. എന്നാല്‍, ലീഗില്‍ ഒന്നാം സ്ഥാനക്കാരായാണ് ഗോവ സെമിയിലേക്ക് യോഗ്യത നേടിയത്. സീസണില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സീക്കോയുടെ കുട്ടികള്‍ക്കായിരുന്നു ജയം. സെമിയിലും ഈ പ്രകടനം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോവ. ആക്രമണ ഫുട്ബോളാണ് ഗോവയുടെ കരുത്ത്. സീസണില്‍ ഇതുവരെ 29 ഗോളുകള്‍ നേടിക്കഴിഞ്ഞു.

മധ്യനിരയിൽ മലൂദയെന്ന മിന്നൽ പിണരിലാണു ഡൽഹിയുടെ പ്രതീക്ഷ മുഴുവൻ. ടീം നേടിയ 18 ഗോളുകളിൽ എട്ടിലും ഫ്രഞ്ച് താരത്തിന്റെ കാലൊപ്പുണ്ട്. മലയാളി താരം അനസ് എടതൊടിക്കയും ജോണ്‍ റീസുമാണ് തുറപ്പു ചീട്ടുകള്‍. നാല് സെമി ഫൈനലിസ്റ്റുകളില്‍ ഈ സീസണില്‍ ഏറ്റവും കുറവ് ഗോള്‍ നേടിയിട്ടുള്ള ടീം ഡല്‍ഹിയാണ്. പക്ഷേ ഗോള്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്ന ടീം കൂടിയാണ് ഡല്‍ഹി.

വെബ്ദുനിയ വായിക്കുക