ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ താനും അര്‍ഹനാണെന്ന് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ലോകകപ്പ് ജേതാവായ മെസ്സിയും പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോററായ എര്‍ലിങ് ഹാളണ്ടും തമ്മിലാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനായി മത്സരമുണ്ടാകുക എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താനും പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് എംബാപ്പെ വ്യക്തമാക്കിയിരിക്കുന്നത്.
ഈ സീസണില്‍ പിഎസ്ജിക്കായി ലീഗ് വണ്‍ കിരീടനേട്ടം സമ്മാനിച്ച എംബാപ്പെ ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനായി ഹാട്രിക് കണ്ടെത്താന്‍ എംബാപ്പെയ്ക്കായെങ്കിലും മത്സരത്തില്‍ ഫ്രാന്‍സ് പരാജയപ്പെടുകയായിരുന്നു. ലോകകപ്പ് കൈവിട്ടുവെങ്കിലും ലോകകപ്പിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ താരത്തിനായിരുന്നു. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ ടോപ് സ്‌കോററായ എംബാപ്പെ ക്ലബിനും രാജ്യത്തിനുമായി 54 ഗോളുകളാണ് ഈ സീസണില്‍ അടിച്ചുകൂട്ടിയത്.
സെപ്റ്റംബര്‍ ആറിനാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനായുള്ള 30 താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിടുക. ഒക്ടോബര്‍ 16നാകും ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ വോട്ടെടുപ്പിലൂടെ പ്രഖ്യാപിക്കുക.