11 വര്‍ഷത്തിനിടെ ആദ്യമായി അര്‍ജന്റീന മെസ്സിയും ഡി മരിയയുമില്ലാതെ ഇറങ്ങുന്നു, ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ടീം പ്രഖ്യാപിച്ചു

അഭിറാം മനോഹർ

ചൊവ്വ, 20 ഓഗസ്റ്റ് 2024 (12:32 IST)
കോപ്പ അമേരിക്ക ഫൈനലില്‍ പരിക്കേറ്റതോടെ നായകന്‍ ലയണല്‍ മെസ്സിയും ദേശീയ ടീമില്‍ നിന്നും വിരമിച്ച എയ്ഞ്ചല്‍ ഡിമരിയയും ഇല്ലാതെ ലോകകപ്പ് യോഗ്യതാ റൗണ്ടിനിറങ്ങാന്‍ അര്‍ജന്റീന. 11 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഡി മരിയയോ മെസ്സിയോ ഇല്ലാതെ അര്‍ജന്റീന മത്സരത്തിനിറങ്ങുന്നത്. സെപ്റ്റംബറില്‍ കൊളംബിയയ്ക്കും ഇക്വഡോറിനുമെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള 28 അംഗ ടീമിനെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്.
 
2013ല്‍ ഉറുഗ്വയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസ്സിയും ഡി മരിയയും ഇല്ലാതെ അര്‍ജന്റീന അവസാനമായി കളിച്ചത്. എസേക്വില്‍ ഫെര്‍ണാണ്ടസ്, വാലന്റൈന്‍ കാസ്റ്റെലാനോസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. യുവതാരങ്ങളായ അലസാന്ദ്രോ ഗര്‍ണാച്ചോ, വാലന്റൈന്‍ കാര്‍ബോണി,വാലന്റൈന്‍ ബാര്‍കോ,മത്യാസ് സുലേ എന്നിവരെയും സ്‌കലോണി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
പൗളാ ഡിബാല ഇല്ലാത്ത ടീമില്‍ ക്രിസ്റ്റ്യന്‍ റൊമോറോ,ലിസാന്‍ഡ്രോ മാര്‍ട്ടിനസ്,ടാഗ്ലിയാഫിക്കോ,റോഡ്രിഗോ ഡി പോള്‍,അലക്‌സിസ് മക് അലിസ്റ്റര്‍ലിയാന്‍ഡ്രോ പരേഡസ്,ഹൂലിയന്‍ അല്‍വാരസ്,ലൗറ്റാറോ മാര്‍ട്ടിനസ്, എന്‍സോ ഫെര്‍ണാണ്ടസ്,ജിയോവാനി ലോ സെല്‍സോ തുടങ്ങിയവരെല്ലാവരും തന്നെ ടീമിലുണ്ട്.

വെബ്ദുനിയ വായിക്കുക