പറങ്കികളുടെ കൂടാരത്തിലെ രഹസ്യം എന്തായിരുന്നു ?; ആര് ഗോള്‍ നേടുമെന്ന് ക്രിസ്‌റ്റിയാനോ വെളിപ്പെടുത്തിയിരുന്നു

തിങ്കള്‍, 11 ജൂലൈ 2016 (13:40 IST)
ആതിഥേയരായ ഫ്രാന്‍സിനെ വീഴ്ത്തി പോര്‍ച്ചുഗല്‍ ആദ്യമായി യൂറോകപ്പില്‍ മുത്തമിട്ടപ്പോള്‍ പൊന്നായത് ക്രിസ്‌റ്റിയാനോ റൊണാൾഡോയുടെ വാക്കുകൾ. ഫൈനലില്‍ ഫ്രാന്‍‌സിന്റെ പ്രതീക്ഷകളെ തരിപ്പണമാക്കി ഞാന്‍ വിജയഗോള്‍ നേടുമെന്ന് റൊണാൾഡോ പ്രവചിച്ചിരുന്നതായി പോർച്ചുഗലിന്റെ ഫൈനൽ ഹീറോ എദര്‍ വ്യക്തമാക്കിയതോടെയാണ് പറങ്കികളുടെ കൂടാരത്തിലെ ഈ രഹസ്യം പുറത്തുവന്നത്.

നിര്‍ണായക മത്സരത്തില്‍ ഞാന്‍ ഗോള്‍ നേടുമെന്ന് ക്രിസ്‌റ്റിയാനോ പറഞ്ഞിരുന്നു. അദ്ദേഹം പകർന്നു നൽകിയ ഊർജം ഫൈനലിൽ നിർണായകമായി. തങ്ങൾ അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്. യൂറോ കപ്പ് കിരീട നേട്ടത്തിൽ ടീമിലെ എല്ലാവരും അഭിനന്ദനം അർഹിക്കുന്നതായും എദർ പറഞ്ഞു.

നിശ്ചിത സമയമായ 90 മിനിറ്റില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 25മത് മിനിറ്റില്‍ ക്യാപ്റ്റന്‍ ക്രിസ്‌റ്റിയാനോ  റൊണാള്‍ഡോ പരുക്കേറ്റു പുറത്താവുകയും ചെയ്തതോടെ പോര്‍ച്ചുഗല്‍ പ്രതിരോധത്തിലായി. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ എദര്‍ 79–മത് മിനിറ്റിൽ വിജയഗോള്‍ വലയിലാക്കിയതോടെ ആതിഥേയരെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ കന്നി യൂറോകപ്പ് നേടുകയായിരുന്നു.

കളിയിലെ മേധാവിത്വം ഫ്രാന്‍സിനായിരുന്നെങ്കിലും അവസരങ്ങളെല്ലാം ഫ്രാന്‍സ് പാഴാക്കി. 2004ലെ യൂറോകപ്പിന്റെ ഫൈനലില്‍ ഗ്രീസിനോടു തോറ്റ പോര്‍ച്ചുഗല്‍ ചരിത്രത്തിലാദ്യമായാണ് യൂറോകപ്പ് സ്വന്തമാക്കുന്നത്. പോര്‍ച്ചുഗലിന്റെ ആദ്യ അന്താരാഷ്ട്ര കിരീടവും ഇതു തന്നെ.

വെബ്ദുനിയ വായിക്കുക