ചൂടപ്പം പോലെ വിറ്റു തീരുന്നു, വില കാര്യമാക്കാതെ ആരാധകര്‍; മെസി ജേഴ്‌സിക്ക് വന്‍ ഡിമാന്‍ഡ്

Webdunia
വ്യാഴം, 12 ഓഗസ്റ്റ് 2021 (15:34 IST)
ബാഴ്‌സലോണ വിട്ട് പി.എസ്.ജി.യിലേക്ക് എത്തിയ ലയണല്‍ മെസിക്ക് വന്‍ വരവേല്‍പ്പുമായി ആരാധകര്‍. 30-ാം നമ്പര്‍ ജേഴ്‌സിയാണ് മെസി പി.എസ്.ജി.ക്ക് വേണ്ടി ധരിക്കുന്നത്. മെസി 30-ാം നമ്പര്‍ തിരഞ്ഞെടുത്തതോടെ ഈ ജേഴ്‌സിക്ക് വന്‍ ഡിമാന്‍ഡ് ആയി. പി.എസ്.ജി.യുടെ ഔദ്യോഗിക സ്റ്റോറില്‍ ജേഴ്‌സി വാങ്ങാന്‍ വന്‍ തിരക്കാണെന്ന് പാരീസില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പി.എസ്.ജി.യുടെ ഓണ്‍ലൈന്‍ വില്‍പ്പന സ്റ്റോറില്‍ മെസിയുടെ ഹോം, എവേ ജേഴ്‌സികള്‍ 20 മിനിറ്റുകൊണ്ട് വിറ്റുതീര്‍ന്നു. ഹോം ജേഴ്‌സി നീല നിറത്തിലും എവേ ജേഴ്‌സി വെള്ള നിറത്തിലുമാണ്. മെസിയുടെ പുതിയ ജേഴ്‌സിക്ക് പതിനായിരം രൂപ വരെ വില ഈടാക്കുന്നുണ്ട്. എന്നാല്‍, വിലയൊന്നും പ്രശ്‌നമല്ലെന്നാണ് ആരാധകര്‍ പറയുന്നത്. പി.എസ്.ജി.യുടെ ഔദ്യോഗിക സ്റ്റോറില്‍ ജേഴ്‌സി വാങ്ങാന്‍ എത്തിയവരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഏറെ പാടുപെടുന്നുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു കായിക താരത്തിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പ് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ മെസിയുടെ വരവിനെ വിശേഷിപ്പിക്കുന്നത്. 
 
എന്തുകൊണ്ട് മെസി 30-ാം നമ്പര്‍ തിരഞ്ഞെടുത്തു? 
 
305 കോടിയുടെ വാര്‍ഷിക പ്രതിഫലമാണ് പി.എസ്.ജി. മെസിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. ബാഴ്സയുമായി രണ്ട് പതിറ്റാണ്ട് നീണ്ട ആത്മബന്ധം അവസാനിപ്പിച്ചാണ് മെസി പി.എസ്.ജി.യിലേക്ക് എത്തിയിരിക്കുന്നത്. 30-ാം നമ്പര്‍ ജേഴ്സിയാണ് പി.എസ്.ജി.യില്‍ മെസി അണിയുക. ബാഴ്സലോണയില്‍ മെസിയുടെ ജേഴ്സി നമ്പര്‍ 10 ആയിരുന്നു. പി.എസ്.ജി.യില്‍ പത്താം നമ്പര്‍ ജേഴ്സി അണിയുന്നത് നെയ്മറാണ്. ആത്മസുഹൃത്തായ മെസിക്കായി പത്താം നമ്പര്‍ വിട്ടുനല്‍കാന്‍ നെയ്മര്‍ തയ്യാറാണ്. എന്നാല്‍, തനിക്ക് 30-ാം നമ്പര്‍ മതിയെന്ന് മെസി നിലപാടെടുത്തു. 
 
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മെസി 30-ാം നമ്പര്‍ ജേഴ്സി അണിയുന്നത്. ബാഴ്സലോണയില്‍ മെസി കരിയര്‍ ആരംഭിച്ചത് 30-ാം നമ്പര്‍ ജേഴ്സിയിലാണ്. പിന്നീട് 2006 ലാണ് മെസിക്ക് 19-ാം നമ്പര്‍ ജേഴ്സി ലഭിക്കുന്നത്. ബാഴ്സയില്‍ നിന്ന് റൊണാള്‍ഡീനോ പോയ ശേഷം പത്താം നമ്പര്‍ ജേഴ്സി മെസിക്ക് ലഭിക്കുകയായിരുന്നു. 2008 മുതലാണ് മെസി ബാഴ്സയില്‍ പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞ് കളിക്കാന്‍ തുടങ്ങിയത്. അര്‍ജന്റീനയിലും മെസിയുടെ ജേഴ്സി പത്താം നമ്പര്‍ തന്നെ. പി.എസ്.ജി.യില്‍ മെസി കരിയര്‍ അവസാനിപ്പിക്കുമെന്നും ബാഴ്സയില്‍ തുടക്കം കുറിച്ച 30-ാം നമ്പര്‍ ജേഴ്സി ധരിച്ച് തന്നെ സൂപ്പര്‍താരം തന്റെ വിടവാങ്ങല്‍ മത്സരം കളിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article