ബാഴ്‌സയില്‍ തുടക്കം കുറിച്ചത് 30-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ്; പി.എസ്.ജി.യിലും 30 തിരഞ്ഞെടുത്ത് താരം, കരിയര്‍ അവസാനത്തിലേക്ക്

ബുധന്‍, 11 ഓഗസ്റ്റ് 2021 (10:05 IST)
ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങിയ ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിലേക്ക് എത്തി. 305 കോടിയുടെ വാര്‍ഷിക പ്രതിഫലമാണ് പി.എസ്.ജി. മെസിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. ബാഴ്‌സയുമായി രണ്ട് പതിറ്റാണ്ട് നീണ്ട ആത്മബന്ധം അവസാനിപ്പിച്ചാണ് മെസി പി.എസ്.ജി.യിലേക്ക് എത്തിയിരിക്കുന്നത്. 30-ാം നമ്പര്‍ ജേഴ്‌സിയാണ് പി.എസ്.ജി.യില്‍ മെസി അണിയുക. ബാഴ്‌സലോണയില്‍ മെസിയുടെ ജേഴ്‌സി നമ്പര്‍ 10 ആയിരുന്നു. പി.എസ്.ജി.യില്‍ പത്താം നമ്പര്‍ ജേഴ്‌സി അണിയുന്നത് നെയ്മറാണ്. ആത്മസുഹൃത്തായ മെസിക്കായി പത്താം നമ്പര്‍ വിട്ടുനല്‍കാന്‍ നെയ്മര്‍ തയ്യാറാണ്. എന്നാല്‍, തനിക്ക് 30-ാം നമ്പര്‍ മതിയെന്ന് മെസി നിലപാടെടുത്തു. 
 
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മെസി 30-ാം നമ്പര്‍ ജേഴ്‌സി അണിയുന്നത്. ബാഴ്‌സലോണയില്‍ മെസി കരിയര്‍ ആരംഭിച്ചത് 30-ാം നമ്പര്‍ ജേഴ്‌സിയിലാണ്. പിന്നീട് 2006 ലാണ് മെസിക്ക് 19-ാം നമ്പര്‍ ജേഴ്‌സി ലഭിക്കുന്നത്. ബാഴ്‌സയില്‍ നിന്ന് റൊണാള്‍ഡീനോ പോയ ശേഷം പത്താം നമ്പര്‍ ജേഴ്‌സി മെസിക്ക് ലഭിക്കുകയായിരുന്നു. 2008 മുതലാണ് മെസി ബാഴ്‌സയില്‍ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് കളിക്കാന്‍ തുടങ്ങിയത്. അര്‍ജന്റീനയിലും മെസിയുടെ ജേഴ്‌സി പത്താം നമ്പര്‍ തന്നെ. പി.എസ്.ജി.യില്‍ മെസി കരിയര്‍ അവസാനിപ്പിക്കുമെന്നും ബാഴ്‌സയില്‍ തുടക്കം കുറിച്ച 30-ാം നമ്പര്‍ ജേഴ്‌സി ധരിച്ച് തന്നെ സൂപ്പര്‍താരം തന്റെ വിടവാങ്ങല്‍ മത്സരം കളിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍