കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇക്വഡോറിനെ തകർത്തെറിഞ്ഞതോടെ സെമി ഫൈനൽ മത്സരങ്ങൾ ആരൊക്കെ തമ്മിലാവും എന്നതിന് തീരുമാനമായി. ഇരട്ട അസിസ്റ്റുകളും ഒരു ഗോളുമായി സൂപ്പർതാരം ലയണൽ മെസ്സി കളം നിറഞ്ഞപ്പോൾ 3-0നായിരുന്നു അർജന്റീനിയൻ വിജയം.
മെസി-മാർട്ടിനസ്-ഗോണ്‍സാലസ് സഖ്യത്തെ ആക്രമണത്തിന് നിയോഗിച്ച് കൊണ്ട് 4-3-3 ശൈലിയില്‍ ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് അർജന്‍റീന മൈതാനത്തിറങ്ങിയത്. ആദ്യ പകുതിയിലെ 40ആം മിനിറ്റിൽ ലിയോണല്‍ മെസിയുടെ അസിസ്റ്റില്‍ മധ്യനിരതാരം റോഡ്രിഗോ ഡി പോളിലൂടെ ആദ്യ ഗോൾ.
ഇക്വഡോർ പ്രതിരോധപ്പിഴവില്‍ പന്ത് റാഞ്ചി ലിയോണല്‍ മെസി നല്‍കിയ അസിസ്റ്റില്‍ മാർട്ടിനസിലൂടെ കളിയുടെ 84ആം മിനിറ്റിൽ അർജന്റീന ലീഡ് ഉയർത്തി. തൊട്ടുപിന്നാലെ ഏഞ്ചല്‍ ഡി മരിയയെ ബോക്സിന് പുറത്ത് ഫൗള്‍ ചെയ്തതിന് അർജന്‍റീനക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. മെസ്സിയുടെ സുന്ദരമായൊരു സെറ്റ്‌പീസിലൂടെ വീണ്ടും വലകുലുങ്ങിയപ്പോൾ സ്കോർ കാർഡിൽ 3-0.
മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉറുഗ്വയെ മറികടന്ന് കൊളംബിയ സെമിയിലെത്തി. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കൊളംബിയയുടെ വിജയം. ഇതോടെ സെമി മത്സരങ്ങളുടെ ലൈനപ്പ് വ്യക്തമായി. ബ്രസീല്‍-പെറു തമ്മിലുള്ള ആദ്യ സെമി ആറാം തിയതി ഇന്ത്യന്‍ സമയം പുലർച്ചെ 4.30നും അർജന്‍റീന-കൊളംബിയ രണ്ടാം സെമി ഏഴാം തിയതി പുലർച്ചെ 6.30നും ആയിരിക്കും നടക്കുക.