ബൊളീവിയന്‍ പാളയത്തില്‍ ഗോള്‍ മഴ പെയിച്ച് ചിലി ക്വാര്‍ട്ടറില്‍

ശനി, 20 ജൂണ്‍ 2015 (09:47 IST)
ഗോള്‍ വരള്‍ച്ചയ്‌ക്ക് അറുതി വരുത്തി ബൊളീവിയയെ ഗോള്‍ മഴയില്‍ മുക്കി കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരയി ആതിഥേയരായ ചിലി ക്വാര്‍ട്ടറിലെത്തി. ബൊളീവിയയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്താണ് ചിലി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

ചിലിക്ക് വേണ്ടി ചാള്‍സ് അരാങ്ക്വിസ് രണ്ട് ഗോള്‍ നേടി. അലക്‌സി സാഞ്ചസും മെദാലുമാണ് മറ്റ് സ്‌കോറര്‍മാര്‍. റാല്‍ഡെസിന്റെ സെല്‍ഫ് ഗോള്‍ പട്ടിക തികച്ചു. 86-മത് മിനിറ്റില്‍ ബൊളീവിയന്‍ താരം റൊണാള്‍ഡ് റാല്‍ഡസിന്റെ സെല്‍ഫ് ഗോള്‍ കൂടി വലയിലായതോടെ ബൊളീവിയയ്ക്കു കൂനിന്‍ മേല്‍ കുരുവെന്ന പോലെയായി. തോറ്റെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ബൊളീവിയയും ക്വാര്‍ട്ടറിലെത്തി.

അതേസമയം,ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാമെന്ന പ്രതീക്ഷയിലിറങ്ങിയ മെക്‌സിക്കോയെ ഇക്വഡോര്‍ ഞെട്ടിച്ചു. മെക്‌സിക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. കളിയുടെ ആദ്യമിനിറ്റുകളില്‍ തന്നെ വെസ്റ്റഹാം താരം ഇന്നര്‍ വലന്‍സിയയുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിട്ട ഇക്വഡോര്‍ 26ആം മിനിറ്റില്‍ ബൊലാനൊസിലൂടെ അക്കൗണ്ട് തുറന്നു.

അര്‍ദ്ധ അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിയാതെ വന്ന മെക്‌സിക്കോയ്ക്ക് പുറത്തേക്കുള്ള വഴി കാണിച്ച് 57ആം മിനിറ്റില്‍ വലന്‍സിയയുടെ ഗോള്‍. 64ആം മിനിറ്റില്‍ ജിമിനെസ് പെനാല്‍റ്റിയിലൂടെ മെക്‌സിക്കോയുടെ ആശ്വാസഗോള്‍ നേടിയെങ്കിലും സമനില പിടിക്കാന്‍ കഴിഞ്ഞില്ല.

വെബ്ദുനിയ വായിക്കുക