മഞ്ഞപ്പട ജയിച്ചു കയറി; കോപ്പയില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി

തിങ്കള്‍, 22 ജൂണ്‍ 2015 (09:29 IST)
കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് സിയിലെ നിര്‍ണയാക മല്‍സരത്തിൽ ബ്രസീൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെനസ്വേലയെ കീഴടക്കി ഗ്രൂപ്പിൽ ഒന്നാമതായി ക്വാർട്ടർ ബര്‍ത്ത് ഉറപ്പാക്കി. ഒമ്പതാം മിനിറ്റില്‍ തിയാഗോ സില്‍വയും 51-മത് മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയുമാണ് മഞ്ഞപ്പടയുടെ ഗോളുകള്‍ നേടിയത്. വെനിസ്വേലയ്ക്കായി 84-മത് മിനിറ്റില്‍ മികു ആശ്വാസ ഗോള്‍ നേടി.

കൊളംബിയക്കെതിരായ മത്സരത്തില്‍ ചുവപ്പു കാർഡ് കിട്ടി പുറത്തായ നെയ്‌മര്‍ ഇല്ലാതെ ഇറങ്ങിയ മഞ്ഞപ്പടയ്‌ക്ക് ജയം അനിവാര്യമായിരുന്നു. എന്നാല്‍ വെനസ്വേലൻ ഗോൾ മുഖത്ത് സ്ഥിരമായി ആക്രമണം നടത്തിയ ബ്രസീലിന്റെ മുന്നേറ്റനിര ആദ്യ അഞ്ചു മിനിറ്റിൽ തന്നെ കളിയുടെ ഗതി വ്യക്തമാക്കി. ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കീപ്പർ അലെയ്ൻ ബറോജ വെനസ്വേലയെ രക്ഷപ്പെടുത്തുകയായിരുന്നു.

കളിയുടെ എല്ലാ മേഖലകളിലും ബ്രസീൽ മികച്ചു നിന്നു. ബ്രസീലിന് ലഭിച്ച എട്ടു ഗോളവസരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യം കണ്ടത്. കേവലം മൂന്നു അവസരങ്ങൾ ലഭിച്ച വെനസ്വേലയാവട്ടെ ഒരെണ്ണം ലക്ഷ്യത്തിലെത്തിച്ചു. തോല്‍വിയോടെ വെനിസ്വേല ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

ഗ്രൂപ്പ് സിയിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ കോപ്പ അമേരിക്കന്‍ ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പ് വ്യക്തമായി. വ്യാഴാഴ്ച ചിലി- ഉറുഗ്വെ പോരാട്ടത്തോടെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കു തുടക്കമാകും. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ വ്യാഴാഴ്ച ചിലി-ഉറുഗ്വെ വെള്ളിയാഴ്ച പെറു- ബൊളീവിയ ശനിയാഴ്ച അര്‍ജന്റീന - കൊളംബിയ ഞായറാഴ്ച ബ്രസീല്‍-പരാഗ്വെയേയും നേരിടും.

വെബ്ദുനിയ വായിക്കുക