ഇനി ചിലി ചിരിക്കട്ടെ

ജിബിന്‍ ജോര്‍ജ്
തിങ്കള്‍, 6 ജൂലൈ 2015 (16:26 IST)
ചെമ്പട 99 വര്‍ഷങ്ങള്‍ക്ക് ശേഷം ആ മധുരമറിഞ്ഞു, കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കോപ്പ അമേരിക്ക കൈപ്പിടിയിലാക്കിയ ചിലിക്ക് ഇതില്‍പ്പരമൊരു നിമിഷം ഉണ്ടായിട്ടില്ല. അതിന്റെ ഉദ്ദാഹരണമായിരുന്നു മത്സരശേഷമുള്ള ചിലി താരങ്ങളുടെ പ്രകടനം. കണ്ണീരൊഴുക്കി കരഞ്ഞ കുഞ്ഞിന് മിഠായി കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷമായിരുന്നു ലാറ്റിനമേരിക്കന്‍ പോരാളികള്‍ക്ക്. ആടിയും പാടിയും അവര്‍ ആഘോഷിച്ചു, ഗോള്‍ പോസ്‌റ്റിന് മുകളില്‍ കയറി ലോകത്തോട് അവര്‍ വിളിച്ചു പറഞ്ഞു അര്‍ജന്റീനയല്ല തങ്ങളാണ് ലാറ്റിനമേരിക്കയുടെ രാജാക്കന്മാര്‍.

എന്തും ഏതും കാത്തിരുന്ന് ലഭിക്കുമ്പോഴാണ് സന്തോഷം ലഭിക്കുന്നത്, ചിലപ്പോള്‍ കരഞ്ഞ് തന്നെ പോകും. കാത്തിരിപ്പിന് വിരാമമിട്ട് കോപ്പയില്‍ ജയിച്ചു കയറിയപ്പോള്‍ ചിലി താരങ്ങള്‍ക്ക് ആഹ്ലാദിക്കാന്‍ പലതുണ്ടായിരുന്നു കാര്യങ്ങള്‍. കോപ്പയിലെ കൊടുങ്കാറ്റായി വന്ന അര്‍ജന്റീനയെ പൂട്ടി കപ്പ് നേടിയതിന്റെ അതിരില്ലാത്ത ആവേശം. അതിസമ്മര്‍ദ്ദത്തില്‍ നീലപ്പട ഇറങ്ങിയപ്പോള്‍ വ്യക്തമായ പദ്ധതികളോടെയാണ് ചിലി കളത്തില്‍ ഇറങ്ങിയത്. മത്സരം ഏത് വഴിക്ക് നീങ്ങിയാലും അതിനൊപ്പം നില്‍ക്കാനുള്ള തന്ത്രങ്ങള്‍ ചെമ്പടയുടെ പാളയത്തില്‍ നേരത്തെ തയ്യാറാക്കിയിരുന്നു.

ശക്തമായ പ്രതിരോധം തീര്‍ക്കുക, അതിശക്തമായി എതിരാളികളുടെ പോസ്‌റ്റിലേക്ക് പാഞ്ഞു കയറുക എന്നീ തന്ത്രമായിരുന്നു ചിലി  പ്രയോഗിച്ചത്. ഗോള്‍ നേടുക എന്നത് ആവശ്യകതയായി തുടര്‍ന്നപ്പോള്‍ ഗോള്‍ അടിപ്പിക്കാതിരിക്കുക എന്ന ലാറ്റിനമേരിക്കന്‍ തന്ത്രവും അവര്‍ സമര്‍ദ്ദമായി പയറ്റി. ചിലിയുടെ എല്ലാ തന്ത്രങ്ങളും തുടങ്ങിയത് ലയണല്‍ മെസിയില്‍ നിന്നായിരുന്നു. മെസിക്ക് പന്ത് ലഭിക്കാതെ വരുത്തുക. മെസിയിലേക്കുള്ള പാസുകള്‍ കൃത്യമായി തടയുക. അഥവാ മെസിയുടെ കാലില്‍ പന്ത് എത്തിയാല്‍ അദ്ദേഹത്തെ വട്ടമിട്ട് പറക്കുക എന്നീ എതിര്‍ ടീമുകളുടെ പതിവ് ശൈലി ചിലിയും തുടര്‍ന്നു. ഇതുവഴി ഹിഗ്വയിന്‍, ഡി മരിയ, ടെവസ്, അഗ്യൂറോ എന്നീ താരങ്ങളുടെ മനസാന്നിധ്യം തകര്‍ക്കാന്‍ ചിലിക്ക് സാധിച്ചു.

മെസിയെ മാത്രം ആശ്രയിച്ച് മുന്നേറ്റങ്ങളും ഗോള്‍ അവസരവും ലക്ഷ്യമാക്കിയ അര്‍ജന്റീനയെ ചിലി സമര്‍ത്ഥമായി പൂട്ടി. എന്നാല്‍ ഒരു കളിക്കാരെയും അധികമായി ആശ്രയിക്കാതെ ഒത്തൊരുമിച്ച് കളിക്കാനായിരുന്നു ചിലി പദ്ധതിയിട്ടത്. അവര്‍ അതില്‍ വിജയം കാണുകയും ചെയ്‌തു. ഏകാശ്രയത്വ ഗെയിമില്‍ വിശ്വസിക്കുന്നില്ലാത്ത ചിലിയുടെ എല്ലാവരും മിടുക്കന്മാര്‍ ആണെന്ന് തെളിയിക്കാന്‍ കിട്ടിയ അവസരം മുതലാക്കുകയും ചെയ്‌തു. വാല്‍ഡസും വിദാലും സാഞ്ചസുമെല്ലാം ഓടിക്കയറുന്നു. പന്ത് കൈമാറുന്നതിലും വേഗതയിലും അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിലുമെല്ലാം എല്ലാവരും മല്‍സരിക്കുകയും അര്‍ജന്റീനയെ വിറപ്പിക്കുകയും ചെയ്‌തു എന്ന് നിസംശയമായി പറയാം. ചിലി ഒരു കളിയിലും എതിരാളികളെ ഭയപ്പെട്ട് സ്വന്തം ശൈലി മാറ്റിയില്ല. അതിസമ്മര്‍ദ്ദത്തിന്റെ വഴിയില്‍ പോയില്ല. ‘നോര്‍മല്‍ ഗെയിം’ കളിച്ച് ലാറ്റിനമേരിക്കന്‍ സൌന്ദര്യം കാത്തുസൂക്ഷിക്കുകയും ചെയ്‌തു.

ഇരു ടീമുകളും ശക്തമായി പ്രതിരോധം ഒരുക്കിയതിനാല്‍ മത്സരം ഷൂട്ടൌട്ടിലേക്ക് നീങ്ങിയേക്കാമെന്ന് മുന്‍കൂട്ടി മനസിലാക്കിയ ചിലി അവിടെയും പദ്ധതികള്‍ ആസൂത്രണം ചെയ്തു. ആരൊക്കെ ഷൂട്ടൌട്ടിന് എത്തണമെന്നും മത്സരത്തിന് മുമ്പ് തീരുമാനിച്ചിരുന്നു. അതിലുപരി അര്‍ജന്റീനയുടെ ആരൊക്കെ ഷൂട്ടൌട്ടിന് എത്തുമെന്നും ഏത് ദിശയിലായിരിക്കും ഷൂട്ട് ചെയ്യുക എന്നും മനസിലാക്കിയിരുന്നു. പദ്ധതികള്‍ എല്ലാം കളത്തില്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ 99 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിലി കോപ്പയില്‍ മുത്തമിടുകയും ചെയ്‌തു.    

അതേസമയം അര്‍ജന്റീനയ്‌ക്ക് കാത്തിരിപ്പ് തുടരുകയാണ്.1993 ജൂലൈ നാലിലെ കോപ്പ ഫൈനലില്‍ 74മത് മിനുട്ടില്‍ വെട്ടിത്തിരിഞ്ഞ് മെക്‌സിക്കോയുടെ വലയിലേക്ക് ഇടംകാലു കൊണ്ട് ഗബ്രിയേല്‍ ബാറ്റിസ്‌റ്റ്യൂട്ട പറഞ്ഞയച്ചതായിരുന്നു അര്‍ജന്റീനയുടെ അവസാന കിരീടത്തിലേക്കുള്ള ഒരു ഗോള്‍. ഓരോ മേജര്‍ ടൂര്‍ണമെന്റുകള്‍ക്കും പെരുമക്കൊത്ത ടീമുമായി അര്‍ജന്റീന വന്നു, വന്നതു പോലെ മടങ്ങുകയും ചെയ്‌തു. 2004ലെ കോപ്പയിലും 2005ലെ കോണ്‍ഫെഡറേഷന്‍സ് കപ്പിലും നീലപ്പട അടിയറ വെച്ചു. റിക്വല്‍മി, അയ്മര്‍, ടെവസ്, മെസി, ഹെര്‍നന്‍ ക്രെസ്‌പോ, ഹാവിയര്‍ മസ്‌കരാനോ, റോബര്‍ട്ടോ അയാള എന്നിവരെയെല്ലാം അണി നിരത്തിയിട്ടും കോപ്പയില്‍ വീണ്ടും കണ്ണീര് മാത്രമായിരുന്നു അര്‍ജന്റീനയ്‌ക്ക് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ജര്‍മ്മനിയോട് കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ അടിയറവ് പറഞ്ഞതും ബാക്കിയാണ്.