ഫുട്ബോൾ ഇതിഹാസം പെലെ കൊൽക്കത്തയിലെത്തി

ഞായര്‍, 11 ഒക്‌ടോബര്‍ 2015 (11:08 IST)
38 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബ്രസീലിയന്‍ ഫുട്ബോൾ ഇതിഹാസം പെലെ കൊൽക്കത്തയിലെത്തി. മൂന്നു ദിവസം നീളുന്ന സന്ദര്‍ശനവേളയില്‍ അദ്ദേഹം ചൊവ്വാഴ്ച നടക്കുന്ന മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുടെ കളിയിൽ പെലെ മുഖ്യാതിഥിയാവും.

ഇന്നു മറ്റു പരിപാടികളിലൊന്നും പെലെ പങ്കെടുക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഒക്ടോബർ 23ന് എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന ഇതിഹാസ താരത്തിന് ഇന്ത്യൻ ഫുട്ബോളിന്റെ പ്രത്യേക സമ്മാനമൊരുക്കുന്നത് സംഗീത മാന്ത്രികൻ എആർ റഹ്മാനാണ്. തിങ്കളാഴ്‌ചയാണ് ചടങ്ങ് നടക്കുക. പരിപാടിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുക്കും. പെലെയ്ക്കായി എആർ റഹ്മാൻ ജന്മദിന ആശംസാഗാനം ആലപിക്കും.

കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത മത്സരത്തിനു ശേഷം സുബോത്ര ഫുട്‌ബോളിന്റെ മുഖ്യാഥിയായി പെലെ ന്യൂഡൽഹിയിലേക്ക് തിരിക്കും. മൽസരശേഷം, ബംഗാൾ ദുരിതാശ്വാസ നിധിക്കു പണം സമാഹരിക്കാൻ സംഘടിപ്പിക്കുന്ന അത്താഴവിരുന്നിലും പെലെ പങ്കെടുക്കും. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമ സച്ചിൻ തെൻഡുൽക്കറും സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന കളി കാണാൻ കൊൽക്കത്തയിലെത്തുമെന്നാണു സൂചന. നേരത്തേ, മോഹന്‍ ബഗാനെതിരെ സൌഹൃദ മത്സരം കളിക്കാന്‍ 1977ലാണ് പെലെ കോല്‍ക്കത്തയില്‍ എത്തിയിരുന്നത്.

 

വെബ്ദുനിയ വായിക്കുക