കൊച്ചി തന്നെ കേമൻ, മഞ്ഞപ്പടയാളികളുടെ കാവൽക്കാരേ, ഇതു നിങ്ങളുടെ വിജയം!

ബുധന്‍, 21 ഡിസം‌ബര്‍ 2016 (13:53 IST)
അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിലെ ഏത് മത്സരവും നടത്താന്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം അനുയോജ്യമാണെന്ന് ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി. നോര്‍ത്ത് ഈസ്റ്റിനെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരത്തിനിടെ കാണികള്‍ അനിയന്ത്രിതമായി പെരുമാറിയിരുന്നു. ടൂര്‍ണമെന്റ് ഡയറക്ടറായ ഹാവിയര്‍ സെപ്പി ആരാധകരുടെ പെരുമാറ്റത്തെ കലാപമെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ, തന്റെ വാക്കുകൾ പിൻവലിക്കുന്നുവെന്ന് ഹാവിയർ പറയുന്നു. മാതൃഭൂമി ഡോട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 
 
ഐ എസ് എല്‍ ഫൈനലിലെ കാണികളുടെ മാന്യമായ പെരുമാറ്റം തന്റെ സംശങ്ങളെല്ലാം മാറ്റിയതായും ഐഎസ്എല്‍ ഫൈനല്‍ മത്സരം വീക്ഷിച്ചെന്നും സെപ്പി പറയുന്നു. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെക്കുറിച്ച് തനിക്ക് സംശയമുണ്ടായിരുന്നു. നോര്‍ത്ത് ഈസ്റ്റുമായുള്ള മത്സരശേഷം കലാപസമാനമായ സ്ഥിതിവിശേഷമാണ് അവിടെയുണ്ടായത്. ഇത്തരം സാഹചര്യത്തില്‍ മാറിച്ചിന്തിച്ചുപോകുക സ്വാഭാവികം. ഫൈനല്‍ മത്സരം കണ്ടതോടെ അതെല്ലാം മാറിയെന്നും സെപ്പി പറയുന്നു.
 
അണ്ടര്‍-17 ലോകകപ്പ് ടൂര്‍ണമെന്റിലെ ഏതുമത്സരങ്ങളും ഇവിടെ നടത്താന്‍ ഫിഫ ഒരുക്കമാണ്. എന്നാല്‍, ഏതൊക്കെ മത്സരം ഇവിടെ നടക്കുമെന്ന് പറയാറായിട്ടില്ല. നോക്കൗണ്ട് റൗണ്ടുകളില്‍തന്നെ പ്രധാനമത്സരങ്ങള്‍ വരും. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ മാത്രമല്ല പ്രധാനം. പ്രധാന ടീമുകള്‍ നോക്കൗട്ടില്‍ ഏറ്റുമുട്ടുമ്പോള്‍ അവയും പ്രധാനമാണെന്നും സെപ്പി പറയുന്നു. അടുത്തവര്‍ഷം ഒക്ടോബര്‍ ആറുമുതല്‍ 28 വരെയാണ് അണ്ടര്‍-17 ലോകകപ്പ് നടക്കുന്നത്. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ ആറ് വേദികളിലായാണ് മത്സരം നടക്കുന്നത്.
 
ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രവേശനത്തില്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ നേരിടവെയായിരുന്നു അനിഷ്ട സംഭവം അരങ്ങേറിയത്. മത്സരത്തിനിടെ ഒരു ആരാധകന്‍ മൈതാനത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ പ്രകോപിതരായ ആരാധകര്‍ ഗ്യാലറിയില്‍ നിന്നും കസേരകളും വെള്ളക്കുപ്പികളും മൈതാനത്തേക്ക് വലിച്ചെറിയുകയായിരുന്നു. കലാപമെന്നായിരുന്നു അന്ന് സെപ്പി ഇതിനെ വിശേഷിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക