ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയേക്കാള്‍ മികച്ച താരമാണു അര്‍ജന്റീനയുടെ സൂപ്പര്‍ താരവും ബാഴ്‌സലോണയുടെ കൂന്തമുനയുമായ ലയണല്‍ മെസിയെന്ന് ബയേണ്‍ മ്യൂണിക്ക് കോച്ച് പെപ് ഗാര്‍ഡിയോള. മെസി എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമാണ്. അദ്ദേഹത്തെ പെലയുമായി താരതമ്യപ്പെടുത്താന്‍ കഴിയും. മെസിയുടെ കളികാണുന്നത് തനിക്ക് ഏറെ സന്തോഷമാണെന്നും മ്യൂണിക്ക് കോച്ച് പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയേണ്‍ ബാഴ്സലോണയോടു തോറ്റു പുറത്തായ ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണു ഗാര്‍ഡിയോള മെസിയെ വാനോളം പുകഴ്‌ത്തിയത്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബാഴ്സ ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണു ബയേണിനെ തോല്‍പ്പിച്ചത്. ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ബാഴ്സ ജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കു ബയേണ്‍ ജയിച്ചു. ഗ്വാർഡിയോള ബാഴ്സലോണ കോച്ചായിരുന്നപ്പോഴാണ് മെസി കരിയറിലെ മികച്ച പ്രകടനം നടത്തിയിരുന്നത്.
ഏതു ടീമിനെയും ഒറ്റയ്ക്കു വിജയത്തിലെത്തിക്കാന്‍ കഴിവുള്ള താരമാണ് മെസിയെന്ന് കഴിഞ്ഞ ദിവസം ചെല്‍സി ടീം മാനേജര്‍ ഹൊസെ മൌറീഞ്ഞോ പറഞ്ഞിരുന്നു. മെസി ടീമിലുണ്ടെങ്കില്‍ താനടക്കം ഏതു പരിശീലകനും ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള ഏതു ടൂര്‍ണമെന്റിന്റെയും ഫൈനലിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.