ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ മെസിക്ക് ലഭിക്കും: ക്രിസ്റ്റിയാനോ

വെള്ളി, 13 നവം‌ബര്‍ 2015 (14:01 IST)
കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്‌ക്ക് മൂന്നു കിരീടങ്ങള്‍ നേടിക്കൊടുത്ത സൂപ്പര്‍ താരം ലയണല്‍ മെസിക്കു തന്നെയായിരിക്കും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമെന്നു റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കഴിഞ്ഞ സീസണില്‍ തനിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. എന്നാല്‍ മെസിക്ക് അത് സാധിച്ചു. വരും സീസണില്‍ താനായിരിക്കും പുരസ്‌കാരത്തിന് അര്‍ഹനാകുക എന്നും ക്രിസ്റ്റിയാനോ പറഞ്ഞു.

ലാ ലിഗയും സ്പാനിഷ് കപ്പും ചാമ്പ്യന്‍സ് ലീഗും ബാഴ്‌സലോണയ്‌ക്ക് സമ്മാനിച്ചത് മെസിയുടെ തകര്‍പ്പന്‍ ഫോമായിരുന്നു. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ ബാഴ്‌സ താരത്തിന് തന്നെയായിരിക്കും മുന്‍ ഗണനയെന്നും റയല്‍ താരം പറഞ്ഞു. വ്യക്തിഗത പ്രകടനം നോക്കിയാല്‍ താനും മികച്ച ഫോമിലായിരുന്നു. യൂറോപ്പിലെ ഉയര്‍ന്ന ഗോള്‍ സ്‌കോറര്‍ താനാണെന്നും ക്രിസ്റ്റി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി , നെയ്മര്‍ എന്നിവരാണ് ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ മുന്‍പന്തിയില്‍. 23 പേര്‍ പട്ടികയില്‍ ഉണ്ടെങ്കിലും നവംബര്‍ 30ന് ഈ 23 പേരില്‍ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടിക പുറത്തുവിടും. ജനുവരി 11ന് പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിക്കും.

അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യൂറോ, വെയ്ല്‍സിന്റെ റയല്‍ മാഡ്രിഡ് താരം ഗാരെത് ബെയ്ല്‍, ഫ്രാന്‍സിന്റെ റയല്‍ താരം കരിം ബെന്‍സേമ, ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂയിന്‍, എഡെന്‍ ഹസാര്‍ഡ്, സ്വീഡന്റെ സ്ലാട്ടന്‍ ഇബ്രാഹിമോവിച്, സ്‌പെയിനിന്റെ ആേ്രന്ദ ഇനിയേസ്റ്റ, ജര്‍മനിയുടെ ടോണി ക്രൂസ്, പോളണ്ടിന്റെ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി, അര്‍ജന്റീനയുടെ ഹവിയര്‍ മഷരാനോ, ജര്‍മനിയുടെ തോമസ് മുള്ളര്‍, മാനുവല്‍ ന്യൂവര്‍, ഫ്രാന്‍സിന്റെ യുവന്റസ് താരം പൗള്‍ പോഗ്ബ, ക്രൊയേഷ്യയുടെ ഐവാന്‍ റാകിടിച്, ഹോളണ്ട് താരം ആര്യന്‍ റോബന്‍, കൊളംബിയയുടെ ഹാമെഷ് റോഡ്രിഗസ്, ചിലിയുടെ അലക്‌സിസ് സാഞ്ചേസ്, ഉറുഗ്വായ് താരം ലൂയി സുവാരസ്, ഐവറി കോസ്റ്റിന്റെ യായാ ടുറേ, ചിലിയുടെ ആര്‍ട്ടുറോ വിദാല്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക