മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കുഴപ്പത്തിലായിരിക്കുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കാമുകി നെരെയ്‌ഡാ ഗലാര്‍ഡൊയുമായി പിണങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ പിണങ്ങിയതിന് ഒട്ടേറെ കാരണങ്ങളാണ് കേള്‍ക്കുന്നത്. ബ്രിട്ടനിലെ മാധ്യമങ്ങളാണ് പുതിയ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍.
സണ്‍ മാസിക പറയുന്നതനുസരിച്ച് റയല്‍ മാഡ്രിഡിന്‍റെ പ്രതിരോധക്കാരന്‍ സെര്‍ജിയോ റാമോസുമായി മുന്‍പ് നരെയ്‌ഡയ്‌ക്കുണ്ടായിരുന്ന ബന്ധം തിരിച്ചറിഞ്ഞത് ക്രിസ്ത്യാനോയെ അസൂയാലുവാക്കി എന്നാണ് ഒരു വാര്‍ത്ത. മറ്റൊന്ന് ക്രിസ്ത്യാനോയുടെ അമ്മ ഡോളോറെസിനു നരെയ്‌ഡയോട് ഒട്ടും തന്നെ താല്പര്യമില്ല എന്നതാണ്.
നരെയ്‌ഡ തന്‍റെ മകന്‍റെ പണത്തിനു പിന്നാലെയാണെന്നാണ് ഡോളോറെസ് പറയുന്നു. തന്നെയുമല്ല. മോഡലിംഗ് സമയത്ത് നരെയ്‌ഡ മുകള്‍ വസ്ത്രമില്ലാതെ ഫോട്ടോയ്‌ക്കായി പോസ് ചെയ്തതും റൊണാള്‍ഡോയുടെ മാതാവിന് ഒട്ടും ഇഷ്ടമായിട്ടില്ല. ഒരു നിശാക്ലബ്ബില്‍ നരെയ്‌ഡ ലെസ്ബിയന്‍ സ്റ്റൈലില്‍ പോസ് ചെയ്തിരിക്കുന്ന ചില ചിത്രങ്ങള്‍ സണ്‍ പുറത്തുവിട്ടത് റൊണാള്‍ഡോയുടെ അമ്മ കണ്ടിരുന്നു.
ഇതിനുമപ്പുറം നരെയ്‌ഡ വിക്ടോറിയാ ബെക്കാമിനെ പോലെ പെരുമാറാന്‍ തുടങ്ങിയതായും പത്രം ആരോപിക്കുന്നു. നരെയ്‌ഡയില്‍ ക്രിസ്ത്യാനോയ്‌ക്ക് ബോറടിച്ചു തുടങ്ങിയതായി ചില സുഹൃത്തുക്കളെ ഉദ്ധരിച്ചും ചില പത്രങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഒരു കുടുംബ സുഹൃത്ത് പറഞ്ഞതായിട്ടാണ് ഇക്കാര്യം പത്രം വെളിപ്പെടുത്തുന്നത്.
ടോറസുമായി മുമ്പുണ്ടായിരുന്ന ബന്ധം നരെയ്‌ഡ വെളിപ്പെടുത്തിയതോടെ ക്രിസ്ത്യാനോ അസൂയാലുവായി മാറിയതാണ് ബന്ധം വിഛേദിക്കാന്‍ കാരണമെന്നും പത്രം ഉദ്ധരിക്കുന്നു. അതേ സമയം ഇതെല്ലാം നരെയ്‌ഡ നിഷേധിക്കുകയാണ്. എല്ലാ ദിവസത്തെയും പോലെ താന്‍ റൊയോട് ഇടപഴകുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഈ കേള്‍ക്കുന്നതെല്ലാം വെറും നുണക്കഥകളാണെന്നും അവര്‍ പറയുന്നു. പരുക്കില്‍ നിന്നും മോചിതനായെത്തുന്ന ക്രിസ്ത്യാനോ കഴിഞ്ഞമാസം നരെയ്‌ഡയ്‌ക്കൊപ്പം നില്‍ക്കുന്ന ചിതങ്ങള്‍ പുറത്ത് വന്നിരുന്നു.