ആഴ്സണലിനു തകര്‍പ്പന്‍ ജയം

ശനി, 9 ഓഗസ്റ്റ് 2008 (16:41 IST)
PROPRO
പിന്നില്‍ നിന്നും പൊരുതികയറി ഇംഗ്ലീഷ് മുന്‍ ചാമ്പ്യന്‍‌മാരായ ആഴ്സണല്‍ ആതിഥേയരായ അജാക്‍സിനെ കീഴ്പ്പെടുത്തി. 2-0 നു പിന്നില്‍ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ക്ലബ്ബ് സ്കോര്‍ 3-2 ആക്കിയാണ് ജയം കണ്ടെത്തിയത്. ടോഗോ താരം ഇമ്മാനുവേല്‍ അഡെബായോറിന്‍റെ ഇരട്ട ഗോളുകളിലായിരുന്നു വിജയം.

നിക്കോളാസ് ബെന്‍ഡെറ്റ്‌നര്‍ ആഴ്സണലിനായി മൂന്നാം ഗോള്‍ കണ്ടെത്തി. അടുത്ത സീസണില്‍ പരീക്ഷിക്കാനിരിക്കുന്ന ഏറ്റവും ശക്തമായ നിരയെയാണ് ആഴ്സണല്‍ പരിശീലകന്‍ ആഴ്സണ്‍ വെംഗര്‍ കളിക്കാന്‍ ഇറക്കിയത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ കോളാ ടുറെ ക്ലീയര്‍ ചെയ്യാന്‍ മടി കാണിച്ച പന്ത് പിടിച്ചെടുത്ത് സ്കോര്‍ ചെയ്ത ലൂയിസ് സുവാറസാണ് ആദ്യ ഗോള്‍ കണ്ടെത്തിയത്. രണ്ടാമത്തെ ഗോളിനും അവസരം ഒരുക്കിയത് സുവാറസായിരുന്നു.

ബോക്‍സിലേക്ക് നീട്ടിയ പന്തില്‍ ക്ലാസ് യാന്‍ ഹണ്ട്‌ലറായിരുന്നു സ്കോറര്‍. എന്നാല്‍ രണ്ടാം പകുതിയില്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകളാണ് ആഴ്സണല്‍ തിരിച്ചടിച്ചുകളഞ്ഞത്. നാല് ടീമുകള്‍ കളിക്കുന്ന ടൂര്‍ണമെന്‍റില്‍ നേരത്തെ ഇന്‍റര്‍മിലാനും സ്പാനിഷ് ക്ലബ്ബ് സെവില്ലയും തമ്മിലുള്ള മത്സരം 0-0 സമനിലയില്‍ അവസാനിച്ചിരുന്നു.

അടുത്ത മത്സരത്തില്‍ ആഴ്സണല്‍ സെവില്ലയെ നേരിടുമ്പോള്‍ അജാക്സ് ഇന്‍റര്‍മിലാനെതിരെ കളിക്കും. ഡച്ച് മണ്ണില്‍ ആഴ്സന്‍ വെംഗറുടെ ടീം ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ മത്സരത്തില്‍ മക്‍ലാറന്‍റെ ടീമായ ട്വന്‍റിയെ നേരിടും.

വെബ്ദുനിയ വായിക്കുക